?ടൂള്‍ കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി. ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യങ്ങള്‍. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനിക്കുകയാണോ എന്നും ഡല്‍ഹി പോലീസിനോട് കോടതി ചോദിച്ചു. അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധമെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ മറുപടി.
?ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വളരെയധികം അലട്ടുന്ന ഒരു പ്രശ്‌നമാണ് ഇന്ധനവില വര്‍ധനയെന്നും വില കുറയ്ക്കുക എന്നതു മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്നും ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തണമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
?പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍പേഴ്‌സണാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.
?കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക സമാഹരണം സംബന്ധിച്ച് എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
?കോര്‍പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്‌ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഡി ആയ ഉദ്യോഗസ്ഥന്‍ നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ മുഖ്യമന്ത്രി വ്യക്തമാക്കി.
?ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
?ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച പദ്ധതിരേഖയെപ്പറ്റിയും ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
?ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അംഗീകാരം നല്‍കിയെന്ന ആരോപണത്തില്‍ ഈ മാസം 27-ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മത്സ്യ മേഖല സംരക്ഷണ സമിതി. അതേസമയം, ആരോപണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചിട്ടുണ്ട്. എവിടെയെങ്കിലും ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
?സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ചയില്‍ തീരുമാനമായില്ല. സമരം തുടരാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചു. ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചതെന്നും സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.
?സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കുക, മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്സിനേഷനായി കൂടുതല്‍ കോവിഡ് വാക്‌സിന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
?കേരളത്തില്‍ ഇന്നലെ 65,968 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. : കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 .
?സംസ്ഥാനത്ത് ഇന്നലെ പുതിയ 3 ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകള്‍.
?ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശനവും അദ്ദേഹം തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയാണെന്നും ഏത് സ്ഥാനം വഹിക്കാനും യോഗ്യനാണെന്നും അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
?നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രക്ക് ഇന്ന് കാസര്‍കോട് നിന്ന് തുടക്കം. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാര്‍ച്ച് 6-ന് തിരുവന്തപുരത്താണ് സമാപനം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരില്‍ പ്രധാനി.
?42 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍വേണ്ടി തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അടുത്ത സര്‍ക്കാര്‍ ആരുണ്ടാക്കണം എന്ന് തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ ഒരു നിര്‍ണായകഘടകം തന്നെയാകുമെന്നും സുരേന്ദ്രന്‍.
?കേരളത്തില്‍ ബി.ജെ.പി. ലക്ഷ്യമിടുന്നത് പിന്‍സീറ്റ് ഡ്രൈവിങ് നടത്താനാകുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ വരണമെന്നാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കൈപ്പത്തിയില്‍ താമരവിരിയിക്കാന്‍ അവര്‍ക്കറിയാമെന്നും കോണ്‍ഗ്രസുകാര്‍ ജയിച്ചാലും അവരെ വിലയ്ക്കെടുത്ത് ബി.ജെ.പി.യാക്കാമെന്ന് അവര്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു.
?കേരള കോണ്‍ഗ്രസിന്റെ അമിത അവകാശവാദത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് മേല്‍നോട്ട സമിതിയില്‍ അഭിപ്രായമുയര്‍ന്നു. ആദ്യം 15 സീറ്റ് ആവശ്യപ്പെട്ട പി.ജെ. ജോസഫ് 12 സീറ്റെങ്കിലും ലഭിച്ചേ തീരൂവെന്ന നിലപാടിലാണ്. എന്നാല്‍ എട്ട്-ഒമ്പത് സീറ്റുകളിലധികം നല്‍കാനാകില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ നേതാക്കള്‍ സ്വീകരിച്ചത്.
?ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 13,919 പേര്‍ക്ക്. മരണം 89. ഇതോടെ ആകെ മരണം 1,56,339 ആയി. ഇതുവരെ 1,09,91,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.42 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 6281 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 152 പേര്‍ക്കും തമിഴ്‌നാട്ടില്‍ 438 പേര്‍ക്കും കര്‍ണാടകയില്‍ 490 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 54 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ ഇന്നലെ 3,58,437 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 62,368 പേര്‍ക്കും ബ്രസീലില്‍ 57,455 പേര്‍ക്കും ഫ്രാന്‍സില്‍ 22,371 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.23 കോടി കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ 8,099 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,738 പേരും ബ്രസീലില്‍ 1,022 പേരും മെക്‌സിക്കോയില്‍ 857 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.71 ലക്ഷം മരണം സ്ഥിരീകരിച്ചു.
?കുവൈത്തില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നല്‍കി. കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.
?ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം ടെസ്റ്റ് ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്ത് ടി20 ടീമിലെത്തി. വിരാട് കോലി തന്നെയാണ് ടി20 പരമ്പരയിലും ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവ് ഇതാദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തി. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനും കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അത്ഭുത പ്രകടനം പുറത്തെടുത്ത രാഹുല്‍ തിവാട്ടിയയും ടീമിലിടെ നേടി.
?ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തകര്‍ത്ത് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് കിരീടം. നവോമിയുടെ കരുത്തിനു മുന്നില്‍ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിനിറങ്ങിയ ജെന്നിഫറിന് അടിതെറ്റി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 6-4, 6-3. നവോമിയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്.
?ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ അട്ടിമറിച്ച് ജംഷേദ്പുര്‍ എഫ്.സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 72-ാം മിനിറ്റില്‍ ബോറിസ് സിങ്ങും ഇന്‍ജുറി ടൈമില്‍ ഡേവിഡ് ഗ്രാന്‍ഡെയുമാണ് ജംഷേദ്പുരിന്റെ ഗോളുകള്‍ നേടിയത്.
?ആമസോണ്‍ ഇന്ത്യയുടെ ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രവര്‍ത്തന ശൃംഖലയിലുടനീളം വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനായി ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു. ഈ പങ്കാളിത്തത്തോടെ, രാജ്യത്തെ സേവിച്ച വിമുക്തഭടന്മാര്‍ക്ക് തൃപ്തികരമായ ഇതര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആമസോണ്‍ ഇന്ത്യ തുടരും.
?രാജ്യത്തെ പുതിയ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയെ മറികടന്ന് എയര്‍ടെല്‍. ഡിസംബറില്‍ 55 ലക്ഷം പേരെ എയര്‍ടെല്‍ തങ്ങളുടെ ഭാഗമാക്കി. ജിയോയ്ക്ക് 32 ലക്ഷം പേരെയാണ് ചേര്‍ക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. 2020 ലെ രണ്ടാം അര്‍ധവാര്‍ഷികത്തില്‍ എയര്‍ടെല്‍ വന്‍ മുന്നേറ്റമാണ് നേടിയത്. 2.2 കോടി പേരെ കൂടി സബ്സ്‌ക്രൈബര്‍മാരാക്കാന്‍ കമ്പനിക്ക് സാധിച്ചത് നേട്ടമായി. ജിയോയ്ക്കാകട്ടെ 1.1 കോടി പേരെ മാത്രമാണ് തങ്ങളുടെ കൂടെ അധികമായി ചേര്‍ക്കാനായത്.
?ലാലും മകന്‍ ജൂനിയര്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സുനാമിയിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ലാല്‍ തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സമാഗരിസ എന്നാണ് ഗാനത്തിന്റെ വരികളുടെ തുടക്കം. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ഗായകര്‍. ലാല്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ബാലു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. സുരേഷ് കൃഷ്ണ, അജു, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
?ഓഫ് റോഡ് മഡ് റെയ്‌സിന്റെ ആവേശമുണര്‍ത്തുന്ന ‘മഡ്ഡി’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ വിജയ് സേതുപതിയുടെയും കന്നഡ താരം ശ്രീമുരളിയുടെയും ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വേറിട്ട ദൃശ്യാനുഭവമായി ഒരുക്കുന്ന ആദ്യത്തെ അഡ്വഞ്ചറസ് ആക്ഷന്‍ 4ത4 മഡ് റേസിംഗ് സിനിമയാണിത്. ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
?ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റി എന്ന ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് രണ്ട് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലെത്തിച്ചു. കെഎം 3000, കെഎം 4000 എന്നീ ബൈക്കുകള്‍ക്ക് യഥാക്രമം 1,26,990 രൂപയും 1,36, 990 രൂപയുമാണ് എക്‌സ്-ഷോറൂം വില.
?മനുഷ്യന് മാറ്റം വരുത്തുന്നതിന് സാമൂഹ്യഘടനയില്‍ മാറ്റം വരുത്തിയാല്‍ മതിയാകും എന്നാണവന്റെ ധാരണ. എന്നാല്‍ കാലാപകാരി ഒരു ആത്മീയ പ്രതിഭാസമാണ്. ‘ദി റിബല്‍’. ഓഷോ. സൈലന്‍സ് ബുക്സ്. വില 180 രൂപ.
?ജീവിതശൈലിയിലെ നിയന്ത്രണമില്ലായ്മ ക്ഷണിച്ചുവരുത്തുന്ന ഒരു രോഗമാണ് രക്തതിസമ്മര്‍ദം. രക്താതിസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പ്രഭാതഭക്ഷണത്തിനു കാര്യമായ പ്രസക്തിയുണ്ട്. ഒരു ദിവസത്തെ ഊര്‍ജത്തിന്റെയും പ്രോട്ടീന്റെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തില്‍ നിന്നായിരിക്കണം. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. റെഡ് മീറ്റ്, എണ്ണയില്‍ വറുത്തും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍, അച്ചാര്‍, പപ്പടം, ഉണക്കമത്സ്യം, ഉപ്പ് അധിമായുള്ള ആഹാരങ്ങള്‍ എന്നിവ സ്ഥിരമായി കഴിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവയും ഒഴിവാക്കാം. രക്താതിസമ്മര്‍ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം കൂൂടുതലടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍, നാരങ്ങാവര്‍ഗത്തില്‍ പെട്ട പഴങ്ങള്‍, തക്കാളി, വാഴപ്പഴം, തണ്ണിമത്തന്‍, അണ്ടിപരിപ്പുകള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ദിവസവും ഏഴ് അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയ അലിസിന്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വര്‍ധിപ്പിക്കുകയും ധമനികള്‍ക്ക് അയവു നല്‍കുകയും ചെയ്യും. ബദാം, വാള്‍നട്സ്, കഴുവണ്ടി എന്നിവ 5 മുതല്‍ 7 എണ്ണം എന്ന ക്രമത്തില്‍ ഉപയോഗിക്കാം. ഇതിലെ അപൂരിത കൊഴുപ്പ് വളരെ ഗുണം ചെയ്യും. ദിവസവും രണ്ട് നെല്ലിക്ക കഴിക്കാം. ഇതിലെ വൈറ്റമിന്‍ സി രക്തചംക്രമണം തടസ്സമില്ലാതാക്കി ബിപി കുറയ്ക്കുന്നു. ദിവസം ഇടനേരത്ത് കുക്കുംബര്‍, സവാള, കാരറ്റ്, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സാലഡ് കഴിക്കാം. സവാളയിലെ ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്സിഡന്റ് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.