?രാജ്യത്തോടുള്ള ആദരവും രാജ്യത്തിന്റെ ഐക്യവുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ഈ പ്രതിജ്ഞയുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
?കേന്ദ്രത്തിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായിട്ടുളള കോട്ടത്തിന് ക്രിക്കറ്റ് ക്രിക്കറ്റ് ട്വീറ്റുകള്‍ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂര്‍. പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
?കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ഗ്രെറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നീട് ഡല്‍ഹി പോലിസ് കേസെടുത്തു എന്ന വാര്‍ത്ത നിഷേധിച്ചു.
?ഡല്‍ഹി പോലീസ് കേസെടുത്തു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വീണ്ടും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്. ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എത്ര വലിയ അളവിലുള്ള വെറുപ്പിനും ഭീഷണികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതിനെ ഒരിക്കലും മാറ്റാനാവില്ലെന്നും ഗ്രെറ്റ ട്വീറ്റില്‍ വ്യക്തമാക്കി.
?കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മുന്നൂറ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന് ഡല്‍ഹി പോലീസ്. ട്വിറ്ററില്‍ വന്ന ‘ടൂള്‍കിറ്റു’കള്‍ക്ക് അനുസൃതമായാണ് സമരം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ കേസ് എടുത്തെന്ന വാര്‍ത്തയും ഡല്‍ഹി പോലീസ് നിഷേധിച്ചു. ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ ബന്ധമുള്ളവരാണെന്നും ഇത്തരം ടൂള്‍കിറ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും ഡല്‍ഹി പോലീസ് സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ വ്യക്തമാക്കി.
?കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന കര്‍ഷകരെ ഗ്രെറ്റ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും അവര്‍ ചോദിച്ചു. നൊബേലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്റെ കൈകളില്‍ ആയിരുന്നെങ്കില്‍ ഗ്രെറ്റയെ നാമനിര്‍ദേശ പട്ടികയില്‍ നിന്ന് ഒഴിവാക്കി അവര്‍ക്ക് കുട്ടികള്‍ക്കുളള എന്തെങ്കിലും പുരസ്‌കാരം നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
?യുഎസില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ശരിയായ രീതിയില്‍ നമ്മുടെ രാജ്യം ദുഖം പ്രകടിപ്പിച്ചിരുന്നുവെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. വെറുതെ പറഞ്ഞെന്നേയുള്ളൂവെന്ന ഹാഷ്ടാഗും താരം ട്വീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഫ്ളോയിഡിന്റെ മരണത്തെ അപലപിച്ച് സച്ചിന്‍ അന്ന് രംഗത്തെത്തിയിരുന്നു. ഈ നടപടിയെ പരിഹസിച്ചുകൊണ്ടാണ് പഠാന്റെ ട്വീറ്റ്.
?ജോര്‍ജ് ഫ്‌ളോയിഡ് സംഭവുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതിയെന്ന് പറഞ്ഞില്ലെന്നും ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞില്ലെന്നും നടന്‍ സലിംകുമാര്‍.
?ബോളിവുഡ് താരം കങ്കണ റണൌട്ട് ട്വിറ്ററിനെതിരെ രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു നിയമവും തെറ്റിക്കാത്ത എന്റെ അക്കൌണ്ട് സസ്പെന്റ് ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക, ഞാന്‍ ഇവിടെ നിന്ന് ഏത് ദിനം പോകുന്നുവോ അന്ന് നിന്നെയും കൊണ്ടെ പോകൂവെന്നും ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ ട്വീറ്റ് ചെയ്തു.
?റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ രാംപുരില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു.
?ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച സംഭവം ഗൗരവത്തോടെ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ ഇക്കാര്യം അറിയിച്ചതിനു പിന്നാലെ ലോകാരോഗ്യ സംഘടന വെബ്‌സൈറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
?രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളില്‍ മൂന്നാഴ്ചക്കിടെ ഒരു കോവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
?കേരളത്തില്‍ ഇന്നലെ 84,007 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 68,857 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96.
?സംസ്ഥാനത്ത് ഇന്നലെ 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 393 ഹോട്ട് സ്‌പോട്ടുകള്‍.
?സ്വര്‍ണക്കള്ളക്കടത്തില്‍ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നു. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സരിത്തും സന്ദീപും കെ.ടി.റമീസും കൂടിയാണ് സ്വര്‍ണക്കള്ളക്കടത്തിന് തുടക്കം കുറിച്ചതെന്നും പിന്നീട് സ്വപ്ന സുരേഷും ഇതില്‍ പങ്കാളിയായെന്നും വ്യാജരേഖ ഉണ്ടാക്കിയാണ് സ്വര്‍ണം കടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട് ഒരു വിവരവും ആദ്യ കുറ്റപത്രത്തിലില്ല.
?മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും നിശിതമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടാണ് പ്രിയം. മറ്റൊരാള്‍ക്ക് സോളാറില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. തൃശൂരില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
?’ലൗ ജിഹാദ്’ കാമ്പയിനുമായി ബി.ജെ.പി രംഗത്ത്. ‘ഹൃദയം പണയംവെക്കരുത്’ എന്നപേരില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംഘപരിവാര്‍കേന്ദ്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി. ആദ്യമായാണ് പരസ്യമായി രംഗത്തിറങ്ങുന്നത്. സിറോ മലബാര്‍ സഭാ സിനഡ് തന്നെ ലൗ ജിഹാദിനെതിരേ രംഗത്തെത്തിയ സാഹചര്യത്തില്‍ കാമ്പയിന്‍ നടത്തുന്നത് ഗുണകരമാകുമെന്നാണ് ബി.ജെ.പി.നേതൃത്വത്തിന്റെ വിലയിരുത്തല്‍
?കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിശേഷിപ്പിച്ചതിനെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത്. കോണ്‍ഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണെന്നും വിഷം വമിക്കുന്ന ജാതിബോധമാണ് കോണ്‍ഗ്രസിനെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോണ്‍ഗ്രസ് കാണുന്നുണ്ടോ എന്നും ഡി.വൈ.എഫ്.ഐ ചോദിച്ചു.
?മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ നടപടി അത്യന്തം ഹീനമാണെന്നും ആധുനിക സമൂഹത്തിന് നിരക്കാത്തതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വിജയരാഘവന്‍ കൂട്ടിച്ചര്‍ത്തു.
?മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ചെത്തുകാരന്റെ മകന്‍’ പരാമര്‍ശം ജാതിവെറിയല്ലെന്ന് കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍. പിണറായിക്കെതിരായ പരാമര്‍ശം നടത്തിയത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചെന്നും സുധാകരന്‍. താന്‍ കെ.പി.സി.സി. അധ്യക്ഷന്‍ ആകാതിരിക്കാനുള്ള ഗൂഢാലോചനയാണിതെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നിരീക്ഷകന്‍ താരീഖ് അന്‍വറിനെ മറ്റാരോ നിയന്ത്രിക്കുന്നുവെന്നും സുധാകരന്‍.
?കത്വ ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന് വന്ന ആരോപണത്തില്‍ വിശദീകരണവുമായി യൂത്ത്-ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ആരോപണത്തിന് പിന്നില്‍ കെ.ടി ജലീലിന്റെ തിരക്കഥയാണെന്നും പി.കെ ഫിറോസ് മൂലം തന്റെ മുഖം വികൃതമായതിലെ പകയാണ് കെ.ടി ജലീലിനെന്നും സുബൈര്‍. അതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ലക്ഷ്യം വെക്കുകയാണെന്നും സി.കെ സുബൈര്‍.
?കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ 12-ാം തീയതി സംസ്ഥാനത്തെത്തുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് 12 മുതല്‍ 15-ാം തീയതി വരെ കേരളത്തിലുണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
?അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.
?ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ.കെ.ബാലനും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം. ഓണ്‍ലൈനിലൂടെയാണ് സമിതി യോഗം ചേര്‍ന്നത്. വിശ്വാസ് മേത്ത ഈ മാസം 28-ന് വിരിമിക്കാനിരിക്കവെയാണ് പുതിയ ചുമതല.
?മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ നഡ്ഡ പങ്കെടുക്കുന്ന തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
?പ്രശസ്തകഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോവിഡ് ബാധിച്ച നെഗറ്റീവായ ശേഷം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
?കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ കെ.എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ഭഗവാന്റെ മുഖത്ത് മഷി കുടഞ്ഞത്. ബെംഗളുരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം. കെ.എസ്. ഭഗവാന്‍ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മഷി പ്രയോഗമെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തു.
?ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 12,401 കോവിഡ് രോഗികള്‍. ഇതില്‍ 6,102 രോഗികളും കേരളത്തില്‍. മരണം 120. ഇതോടെ ആകെ മരണം 1,54,862 ആയി. ഇതുവരെ 1,08,03,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.54 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ 2,736 പേര്‍ക്കും ഡല്‍ഹിയില്‍ 158 പേര്‍ക്കും തമിഴ്നാട്ടില്‍ 494 പേര്‍ക്കും കര്‍ണാടകയില്‍ 474 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 79 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ ഇന്നലെ 4,89,449 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,09,786 പേര്‍ക്കും ബ്രസീലില്‍ 57,848 പേര്‍ക്കും സ്പെയിനില്‍ 29,960 പേര്‍ക്കും ഫ്രാന്‍സില്‍ 23,448 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.53 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.58 കോടി കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ 13,761 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,068 പേരും മെക്സിക്കോയില്‍ 17,07 പേരും ബ്രസീലില്‍ 1,291 പേരും ഇംഗ്ലണ്ടില്‍ 915 പേരും ജര്‍മനിയില്‍ 673 പേരും റഷ്യയില്‍ 521 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 22.92 ലക്ഷം മരണം സ്ഥിരീകരിച്ചു.
?ഇന്ത്യാ – ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് ഇന്ന് ചെന്നൈയില്‍ തുടക്കം.നാല് ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. കൂടാതെ അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങും ഈ പരമ്പരയിലുണ്ട്. മാര്‍ച്ച് 28 വരെ ഈ പരമ്പര നീണ്ടു നില്‍ക്കും
?ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുന്നേ ഇംഗ്ലണ്ടിന് തിരിച്ചടിയായി ഓപ്പണിങ് ബാറ്റ്സ്മാന്‍ സാക്ക് ക്രൗളിയുടെ പരിക്ക്. മാര്‍ബിള്‍ തറയില്‍ തെന്നി വീണാണ് ക്രൗളിക്ക് പരിക്കേറ്റത്. ഇതോടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ താരത്തിന് കളിക്കാനാകില്ല.
?ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. പേസര്‍ ജോഫ്ര ആര്‍ച്ചറെ മുന്നില്‍ നിര്‍ത്തിയാണ് റൂട്ടിന്റെ മുന്നറിയിപ്പ്. നെറ്റ്‌സില്‍ ആര്‍ച്ചര്‍ പന്തെറിയുന്നത് പ്രകാശവേഗത്തിലാണെന്നാണ് റൂട്ടിന്റെ കമന്റ്.
?ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – എഫ്.സി ഗോവ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.
?രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഡിസംബര്‍ പാദത്തില്‍ 5,196 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേപാദത്തിലെ ആദായവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.9 ശതമാനം കുറവാണിത്. മുന്‍പാദത്തെ അപേക്ഷിച്ച് 13.60 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 4,574 കോടി രൂപയാണ് ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ ലാഭം. പലിശ വരുമാനം 3.75 ശതമാനം വര്‍ധിച്ച് 28,820 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ 28,181 കോടി രൂപയായിരുന്നു വരുമാനം. 4.77 ശതമാനമാണ് കിട്ടാക്കട അനുപാതം. 1.17 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം.
?ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കൊവിഡ്-19 മഹാമാരിയ്ക്കിടയിലും 2020 ല്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം 237.7 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യണ്‍ ഡോളറാണ്, 13.8 ശതമാനം ഉയര്‍ച്ചയോടെയാണ് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയത്. രണ്‍വീര്‍ സിങ്ങിന്റെ ബ്രാന്‍ഡ് മൂല്യം 102.9 മില്യണ്‍ ഡോളറാണ്.
?നടന്‍ ചിമ്പുവിന്റെ 45-മത്തെ സിനിമയായ ‘മാനാടി’ന്റെ ടീസര്‍ പുറത്ത്. താതത്തിന്റെ മുപ്പത്തിയെട്ടാം ജന്മദിനമായ ഇന്ന് ആരാധകര്‍ക്കുള്ള സമ്മാനമായാണ് മാനാട് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു മാനാടില്‍ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്.
?അഭയ കേസുമായി ബന്ധപ്പെട്ട് നിരന്തരമായ നിയമപോരാട്ടങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. രാജസേനന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് മാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണമെന്നാണ് വ്യവസ്ഥ. സിനിമയിലെ അഭിനേതാക്കളുടെ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങാനാണ് ആലോചന.
?ആമി മാധവിക്കുട്ടി, കമലാദാസ്, സുരയ്യ ആസ്വാദക മനസ്സില്‍ ഋതുഭേദങ്ങളായി പ്രകാശം ചൊരിയുന്ന ഒരു എഴുത്തുകാരിയുടെ സാഹിത്യത്തെയും ജീവിതത്തെയും വിശകലനം ചെയ്യുന്ന കൃതി. ‘മാധവികുട്ടി രാഗം നീലാംബരി’. സമ്പാദനം – ഷംസുദ്ദീന്‍ കുട്ടോത്ത്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 285 രൂപ.
?11,49,219 കാറുകള്‍ വിറ്റ മാരുതി തന്നെയാണ് ഈ വര്‍ഷവും ഇന്ത്യന്‍ വാഹനവിപണിയിലെ നായകര്‍. തൊട്ടടുത്ത സ്ഥാനക്കാരായ ഹുണ്ടായ് 4,23,642 കാറുകളാണ് വിറ്റിട്ടുള്ളത്. 1,70,151 കാറുകള്‍ വിറ്റ ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകള്‍ വിറ്റ കിയ നാലാമതും 1,36,953 കാറുകള്‍ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്. 14 ബ്രാന്‍ഡുകളില്‍ ഫിയറ്റ് ആണ് ഏറ്റവും കുറച്ചു കാറുകള്‍ വിറ്റത്, 5226 എണ്ണം. 2,363,887 കാറുകളാണ് 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍ ആകെ വിറ്റത്.
?ക്യാന്‍സര്‍ തടയാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരറ്റില്‍ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന് നല്ല പ്രതിരോധ സംവിധാനം ഉണ്ടെങ്കില്‍ മാരകമായ രോഗത്തിനെതിരെ പോരാടുന്നതിനും ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞള്‍. ക്യാന്‍സറിന്റെ സജീവമായ സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും. ഇത് ഹൃദ്രോഗം, അല്‍ഷിമേഴ്സ് എന്നിവ തടയാനും സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ ടി-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ചതാണ് തക്കാളി. ഹൃദ്രോഗത്തെ തടയാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ നല്ല ഉറവിടമാണ് തക്കാളി. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഇടവിട്ടുള്ള ജലദോഷവും ചുമയും കുറയ്ക്കാനും വെളുത്തുള്ളി മികച്ചൊരു മരുന്നാണ്. നിരവധി വിറ്റാമിനുകളും ഫൈബറും പ്രോട്ടീനും നിറഞ്ഞ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും.
ശുഭദിനം
കവിത കണ്ണന്‍
നിരവധി വൈശിഷ്ട്യവും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ നിറഞ്ഞതുമായിരുന്നു ആ ആശ്രമം. ഒരിക്കല്‍ ആ ആശ്രമത്തില്‍ ഒരാള്‍ വിരുന്നിനെത്തി. കുറച്ച് ദിവസം അവിടെ താമസിച്ചതിന് ശേഷം അയാള്‍ മടങ്ങിപ്പോകുമ്പോള്‍ അയാള്‍ അവിടെ നിന്നും അതിവിശിഷ്ടമായ ഒരു ഗ്രന്ഥം മോഷ്ടിക്കുകയും ചെയ്തു. ആശ്രമാധിപന് അതു മനസ്സിലായെങ്കിലും അദ്ദേഹം ആ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ചില്ല. മോഷ്ടാവ് ആ ഗ്രന്ഥം ഒരു മറ്റൊരു ഗ്രാമത്തിലെ സമ്പന്നന് വില്‍ക്കുവാന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തിന് ശേഷം ഈ ഗ്രന്ഥത്തിന്റെ വില നല്‍കി ആ ഗ്രന്ഥം വാങ്ങിക്കൊള്ളാം എന്ന് സമ്പന്നന്‍ വാക്കും കൊടുത്തു. രണ്ടു ദിവസത്തിന് ശേഷം വലിയ വില നല്‍കി അയാള്‍ ആ ഗ്രന്ഥം വാങ്ങുകയും ചെയ്തു. ഗ്രന്ഥത്തിന്റെ വില കൊടുക്കുമ്പോള്‍ അയാള്‍ ഒരു കാര്യം കൂടി ആ മോഷ്ടാവിനോട് പറഞ്ഞു. ഞാന്‍ ഈ അപൂര്‍വ്വഗ്രന്ഥത്തെ കുറിച്ച് അടുത്ത ഗ്രാമത്തിലെ ആശ്രമത്തില്‍ അന്വേഷിച്ചുവെന്നും അദ്ദേഹമാണ് ഇതിന്റെ വിലയെനിക്ക് പറഞ്ഞു തന്നെതെന്നും സമ്പന്നന്‍ പറഞ്ഞു. കുറ്റബോധം കൊണ്ട് മോഷ്ടാവിന്റെ തല കുനിഞ്ഞു. അയാള്‍ സമ്പനന്നനുമൊന്നിച്ച് ആശ്രമത്തിലെത്തി ആശ്രമാധിപനോട് ക്ഷമചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ആ ഗ്രന്ഥമെടുത്ത് പ്രയോജനപ്പെടുത്തൂ. അപ്പോള്‍ മോഷ്ടാവ് ആശ്രമാധിപനോട് പറഞ്ഞു. എന്നെ ഇവിടെ താമസിപ്പിച്ച് വിവേകം അഭ്യസിപ്പിക്കാന്‍ അനുവദിക്കൂ എന്ന് . അമൂല്യവും അതിവിശിഷ്ടവുമായവയുടെ ശേഖരത്തേക്കാള്‍ അവയുടെ മൂല്യമാണ് പ്രധാനം. എല്ലാം സമാഹരിച്ചിട്ടും ഒന്നിന്റേയും സത്ത ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ പിന്നെ എന്താണ് പ്രയോജനം..വിശുദ്ധഗ്രന്ഥം സ്വന്തമാക്കിയതുകൊണ്ട് പ്രയോജനമൊന്നുമില്ല. അതിന്റെ പാരായണവും മനനവുമാണ് പ്രധാനം. മഹദ്വചനങ്ങളും ചിന്തകളും പുസ്തകത്തിലാക്കി സൂക്ഷിച്ചുവെയ്ക്കുകയല്ല ചെയ്യേണ്ടത്, അവ പ്രയോഗത്തില്‍ വരുത്തി പരിശീലിക്കുകയാണ് വേണ്ടത്. പുസ്തകവും ജീവിതവും നമ്മെ പഠിപ്പിക്കുന്ന ഒന്നുണ്ട്. എന്തിന്റേയും സംഭരണം എളുപ്പമാണ്, അതിന്റെ വിനിയോഗമാണ് ബുദ്ധിമുട്ട് – ശുഭദിനം