സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍,സ്ഥിരീകരിക്കാതെ പോലീസ്
ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കർഷകർ മുന്നേറി.
കണ്ണീർവാതകം പ്രയോഗിച്ചിട്ടും സമരക്കാർ പിൻവാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവർക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാർഥത്തിൽ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡൽഹി. ഇപ്പോഴും സംഘർഷം തുടരുകയാണ്.
ട്രാക്ടറുമായി മുന്നേറിയ കർഷകർ ചെങ്കോട്ടയിൽ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിൽ പ്രവേശിച്ചത്. അക്ഷരാർഥത്തിൽ കർഷക കോട്ടയായി മാറുകയായിരുന്നു ചെങ്കോട്ട.
പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കർഷകർ ഡൽഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെൻട്രൽ ഡൽഹിയിലെ ഐടിഒയിൽ ഇരമ്പിയെത്തിയ ട്രാക്ടർ റാലിയെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീൻ ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡൽഹിയിലേക്കുളള റോഡുകളും അടച്ചു.
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂർ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റിൽ പറത്തിയാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്.
പോലീസ് നിർത്തിയിട്ട ട്രക്കുകളും കർഷകർ മാറ്റി. പോലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ ഇടിച്ചുമാറ്റിയാണ് ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഡൽഹി നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് അടച്ചു.
ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് ആളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. കർഷർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കർഷകർ വീണ്ടും സംഘടിച്ചെത്തി ഡൽഹിയിലേക്കുള്ള മാർച്ച് വീണ്ടും ആരംഭിച്ചു.
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷമാർച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം.
ഡല്‍ഹി അതിര്‍ത്തികള്‍ പോലീസ് അടച്ചു.
ഡൽഹി ഐടിഒയിൽ കർഷകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കർഷകർ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.