?അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി 20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒടുവില്‍ സമ്മതിച്ചു. ഇതാദ്യമായാണ് പരാജയം ഭാഗികമായെങ്കിലും അംഗീകരിച്ച് ട്രംപ് ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നത്. അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്‍സിലെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഒരു സ്ത്രീയടക്കമുള്ളവരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
?യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ ട്രംപിനേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രസിഡന്റ് ബരാക് ഒബാമ. അക്രമണം രാജ്യത്തിന് വലിയ അപമാനവും നാണക്കേടുമാണെന്ന് ഒബാമ പറഞ്ഞു. നിയമപരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് നിരന്തരം അടിസ്ഥാനരഹിതമായ നുണകള്‍ പറഞ്ഞ ട്രംപാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഒബാമ ആരോപിച്ചു.
?യുഎസ് കാപ്പിറ്റോളിലേയ്ക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് വെടിയേറ്റ വനിതയെ തിരിച്ചറിഞ്ഞു. യു.എസ്. വ്യോമ സേനയില്‍നിന്ന് വിരമിച്ച കടുത്ത ട്രംപ് അനുകൂലിയായ ആഷ്ലി ബാബിറ്റ് എന്ന സ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
?അമേരിക്കയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബെര്‍ഗ്. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബര്‍ഗിന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
?കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നാല് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
?സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടിയത് സര്‍ക്കാരിന്റെ വീഴ്ച അല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി. പലരും നിര്‍ദേശങ്ങള്‍ മറികടന്ന് കൂട്ടം കൂടുന്ന സ്ഥിതിയുണ്ടായി. മാസ്‌ക് അടക്കം ഒരു പ്രതിരോധവും ഉണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച യോഗത്തില്‍ കെ കെ ശൈലജ വ്യക്തമാക്കി.
?കോവിഡ് 19ന് എതിരായ വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. വാക്‌സിനുകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
?പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക.ഓക്സഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് ദക്ഷിണാഫ്രിക്ക വാങ്ങുന്നത്.
?കേരളത്തില്‍ ഇന്നലെ 60,613 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍കോട് 86.
?സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ .ഇന്നലെ 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകള്‍.
?എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.
?സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കി. സമരസമിതി നേതാക്കള്‍ക്കൊപ്പമെത്തിയാണ് മാതാപിതാക്കള്‍ നിവേദനം നല്‍കിയത്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമെന്ന് പറയുമ്പോഴും പ്രവൃത്തിയിലതില്ലെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.
?25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി പ്രതികരിച്ചു. വിജിലന്‍സിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും കേസില്‍ ഒരു തെളിവും ഇല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും കെ.എം.ഷാജി.
?അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജി എംഎല്‍എക്കെതിരെ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്. കേസില്‍ എംഎല്‍എയുടെ എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇനിയും വിളിപ്പിക്കേണ്ടി വരും. നിര്‍ണ്ണായക രേഖകള്‍ ലഭിച്ചിട്ടുണ്ട്. പൂര്‍ണ്ണ തെളിവുകള്‍ ലഭിച്ചാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലീഗിന്റെ സംസ്ഥാന നേതാക്കളെ വിളിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ഖാദി ബോര്‍ഡ് സെക്രട്ടറി കെ. എ. രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാന്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ശമ്പളം 1.72 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷിച്ച കാഷ്യൂ കോര്‍പറേഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് കെ. എ. രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.
?സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്റെ വീട്ടു വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പന്‍ ഇന്ന് ഹാജരാകുമെന്ന സ്ഥിരീകരണം വരുന്നത്.
?പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവന്‍ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും സീറ്റുവിഷയത്തില്‍ കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?മുന്നണി മാറ്റത്തെ ചൊല്ലി മന്ത്രി എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും രണ്ടുചേരിയില്‍ ആയതോടെ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. എന്‍.സി.പിയിലെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പവാര്‍ കേരളത്തിലെത്തുന്നത്. ഇരുവിഭാഗം നേതാക്കളുമായും പവാര്‍ കൂടിക്കാഴ്ച നടത്തും.
?ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവനില്ലെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഗുരുദേവനില്ലാത്ത എന്ത് ലോഗോ ആണെന്നും ശ്രീനാരായണീയരുടെ വോട്ട് വേണം പക്ഷെ ഗുരുദേവന്റെ ചിത്രം കാണിക്കാന്‍ വിഷമമാണെന്നും ഗോപാലകൃഷ്ണന്‍.
?തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
?അഭയാ കേസ് വിധിയില്‍ സംശയം പ്രകടിപ്പിച്ച് സിറോ മലബാര്‍ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം. കോടതി വിധിയിലൂടെ ഉണ്ടായത് സമ്പൂര്‍ണ സത്യമാണോയെന്ന് സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ നാള്‍ വഴികളില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നും മുഖപ്രസംഗത്തിലുണ്ട്.
?വൈറ്റില മേല്‍പാലം തുറന്ന് വാഹനങ്ങള്‍ കയറ്റിവിട്ടത് തങ്ങളല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നും വി ഫോര്‍ കൊച്ചി. 31ന് പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയിരുന്നു. എന്നാല്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് വി ഫോര്‍ കൊച്ചി.
?വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നുകൊടുത്തെന്ന കേസില്‍ വി 4 കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യമില്ല. അതേസമയം, ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്ന് വി 4 കൊച്ചി പ്രവര്‍ത്തകര്‍ക്ക് എറണാകുളം സി.ജെ.എം. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
?സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ ‘സ്നേഹസ്പര്‍ശം’ പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
?കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം. മുതല്‍ 115.5 എം.എം. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
?എം.സി.റോഡില്‍ പനവേലി ജങ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചു കയറി ദമ്പതികള്‍ മരിച്ചു. പന്തളം കടക്കാട് പള്ളിതെക്കതില്‍ ഷെഫിന്‍ മന്‍സിലില്‍ നാസറുദ്ദീന്‍ (56), ഭാര്യ സജിലാ ബീവി( 45) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
?കോവിഡ് കാലത്ത് ബുക്ക് ചെയ്ത റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ പിന്‍വലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയില്‍വേ മന്ത്രാലയമാണ് സമയപരിധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവിറക്കിയത്.
?2021 ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്.
?കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയും നടിയുമായ രാധിക കുമാരസ്വാമിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി നോട്ടീസ്. തട്ടിപ്പ് കേസില്‍ ഈയിടെ പിടിയിലായ യുവരാജ് എന്നയാളുമായി 75 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് രാധിക നടത്തിയിട്ടുണ്ടെന്ന് സിസിബി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടത്.
?യു.കെയില്‍ പുതിയ കോവിഡ് വകഭേദം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യു.കെയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തിലാണ് വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കെജ്രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
?കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സിന്‍(മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍) ഉടന്‍ യാഥാര്‍ഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസല്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. നേസല്‍ വാക്‌സിന്റെ ഒന്നാംഘട്ട, രണ്ടാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഭാരത് ബയോടെക്ക്.
?വസ്ത്ര വ്യാപാരരംഗത്തെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സത്യ പോള്‍ (79) അന്തരിച്ചു. കോയമ്പത്തൂരിലെ ഈഷ യോഗസെന്ററില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.
?കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 50 വയസുള്ള അങ്കണവാടി ജീവനക്കാരി വൈകീട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങാതിരുന്നുവെങ്കില്‍ ബദായൂണ്‍ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം. ബദായൂണില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി വിവാദ പരാമര്‍ശം നടത്തിയത്.
?തമിഴ്‌നാട്ടിലെ കരൂരില്‍ യുവാവിനെ കാമുകിയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. കാമരാജപുരം സ്വദേശി ജയറാമിന്റെ മകന്‍ ഹരിഹര(22)നാണ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് ആരോപണം. കേസില്‍ കാമുകിയുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
?ഇന്ത്യയില്‍ ഇന്നലെ 18,094 കോവിഡ് രോഗികള്‍. മരണം 233. ഇതോടെ ആകെ മരണം 1,50,606 ആയി, ഇതുവരെ 1,04,14,044 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.22 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ ഇന്നലെ 3729 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 486 പേര്‍ക്കും പശ്ചിമബംഗാളില്‍ 921 പേര്‍ക്കും കര്‍ണാടകയില്‍ 761 പേര്‍ക്കും ആന്ധ്രയില്‍ 295 പേര്‍ക്കും തമിഴ്‌നാട്ടില്‍ 805 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ കോവിഡ് രോഗവ്യാപനം കുതിച്ചുയരുന്നു. ഇന്നലെ മാത്രം 7,67,980 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,29,271 പേര്‍ക്കും ബ്രസീലില്‍ 87,134 പേര്‍ക്കും ഇംഗ്ലണ്ടില്‍ 52,618 പേര്‍ക്കും റഷ്യയില്‍ 23,541 പേര്‍ക്കും ഫ്രാന്‍സില്‍ 21,703 പേര്‍ക്കും ജര്‍മനിയില്‍ 27,989 പേര്‍ക്കും സൗത്ത് ആഫ്രിക്കയില്‍ 20,999 പേര്‍ക്കും രോഗം ബാധിച്ചു. 13,911 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,475 പേരും ബ്രസീലില്‍ 1,455 പേരും ഇംഗ്ലണ്ടില്‍ 1,162 പേരും മെക്സിക്കോയില്‍ 1,165 പേരും ജര്‍മനിയില്‍ 1,059 പേരും റഷ്യയില്‍ 506 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.84 കോടി കോവിഡ് രോഗികളും 19.04 ലക്ഷം മരണവും സ്ഥിരീകരിച്ചു.
?സ്ഥാനമൊഴിയാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ട്രംപിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
?ലോകകോടീശ്വര പട്ടികയില്‍ ഒന്നാമതെത്താന്‍ സ്‌പേസ് എക്‌സിന്റെയും ടെസ് ലയുടെയും സ്ഥാപകനായ ഇലോണ്‍ മസ്‌കിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ കുറവ് മാത്രം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിന് 187 ബില്യണ്‍ ഡോളറാണുള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 150 ബില്യണ്‍ ഡോളറിലേറെയാണ്. ബ്ലൂംബര്‍ഗിന്റെ 500 പേരടങ്ങിയ ലോകകോടീശ്വര പട്ടികയില്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 184.5 ബില്യണ്‍ ഡോളറാണ്.
?ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ആസ്തി മൂല്യത്തില്‍ വന്‍വര്‍ധന. 2018-19-ലെ കണക്ക് പ്രകാരം ആസ്തിമൂല്യം 14,489 കോടിയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 2597 കോടി അധികമാണിത്.
?പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി.എസ് സന്തോഷിന് സൗദി അറേബ്യയില്‍ നടന്ന ദാകര്‍ റാലിക്കിടെ അപകടം. ആകാശമാര്‍ഗം റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍.
?ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡിയഗോ മൗറീസിയോയാണ് ഒഡിഷയുടെ വിജയശില്‍പി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.
?ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ കാലത്ത് വിതരണം കാര്യക്ഷമമാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപഭോക്താവിന് സാധനങ്ങളെത്തിച്ചു നല്‍കാനും ജെറ്റുകള്‍ വാങ്ങാനൊരുങ്ങി ആമസോണ്‍. ആദ്യഘട്ടത്തില്‍ 11 ജെറ്റുകളാണ് കമ്പനി സ്വന്തമാക്കുന്നത്. ഡെല്‍റ്റ, വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സുകളില്‍ നിന്ന് ജെറ്റുകള്‍ വാങ്ങിയതായി ആമസോണ്‍ അറിയിച്ചു. ഇത് ആദ്യമായാണ് വിതരണ ആവശ്യങ്ങള്‍ക്കായി ആമസോണ്‍ വിമാനങ്ങള്‍ വാങ്ങുന്നത്. വെസ്റ്റ് ജെറ്റില്‍ നിന്ന് വാങ്ങുന്ന നാല് ജെറ്റുകള്‍ ഈ വര്‍ഷം ആമസോണിന് കൈമാറും. ഡെല്‍റ്റയില്‍ നിന്നുള്ള ഏഴ് ജെറ്റുകള്‍ അടുത്ത വര്‍ഷത്തോടെ തയ്യാറാകും. 2022 ഓടെ മൊത്തം85 വിമാനങ്ങള്‍ സ്വന്തമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
?ഡിമാന്‍ഡ് വീണ്ടെടുക്കുന്നതില്‍ മന്ദഗതിയിലാണെങ്കിലും സ്റ്റീലിന്റെ ആഭ്യന്തര വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഹോട്ട് റോള്‍ഡ് കോയിലിന്റെ (എച്ച്ആര്‍സി) വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ടണ്ണിന് 58,000 ഡോളറിലെത്തി. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതിനോടൊപ്പം ഫ്‌ലാറ്റ് സ്റ്റീല്‍ ഉപഭോക്താക്കളായ ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ മേഖലകള്‍ ഇതിനകം തന്നെ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തി.
?സണ്ണി വെയ്‌നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ”നീയെ” ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനീത് ശ്രീവനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്ന് ആലപിച്ച ഗാനം നിവിന്‍ പോളിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതമൊരുക്കിയത്. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി. മണിലാല്‍ ആണ്.
?മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ബാലതാരം മോണിക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് പങ്കുവെച്ചാണ് വീഡിയോയില്‍ മഞ്ജു വാര്യര്‍ ‘കൈദി’ ഫെയിം ബേബി മോണിക്കയ്ക്കായി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള കുട്ടിയെ തേടുന്നതായി അറിയിച്ചിരിക്കുന്നത്. മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന എട്ട് വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികള്‍ വോയ്സ് അയച്ചു തരിക എന്നാണ് മഞ്ജു പറയുന്നത്. ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ദ പ്രീസ്റ്റ് ജോഫിന്‍ ടി. ചാക്കോയാണ് സംവിധാനം ചെയ്യുന്നത്.
?തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമാകുന്ന താരസുന്ദരിയാണ് രശ്മിക മന്ദാന. ബോളിവുഡ് സിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന ഈ യുവതാരം പുതിയ വാഹനത്തിന്റെ ഉടമയായ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. റേഞ്ച് റോവര്‍ സ്‌പോട്ടാണ് രശ്മിക മന്ദാന സ്വന്തമാക്കിയ ആഡംബര എസ്.യു.വി. ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിലെ കരുത്തനാണ് റേഞ്ച് റോവര്‍ സ്‌പോട്ട്. 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് ഈ ആഡംബര എസ്.യു.വിയുടെ എക്‌സ്‌ഷോറും വില. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് രശ്മിക സ്വന്തമാക്കിയത്.