കോഴിക്കോട്: മണാശ്ശേരി -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിന് ടെൻഡർ നടപടിയായി. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തിരുവമ്പാടി മണ്ഡലത്തിലെ പ്രധാന റോഡിൻെറ നവീകരണം. നീണ്ട കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് റോഡിന് സാങ്കേതികാനുമതി ലഭിച്ചത്. 36.79 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് സാങ്കേതികാനുമതി ലഭിച്ചത്. പത്തു മീറ്റർ വീതിയിൽ ഏഴ് മീറ്റർ കാര്യേജ് വേ ആയി ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകൾ, അഴുക്കുചാലുകൾ, നടപ്പാതകൾ, സംരക്ഷണഭിത്തികൾ, കോമ്പൗണ്ട് വാളുകൾ, ബസ് ബേകൾ, ട്രാഫിക് മെഷേഴ്സ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. മണാശ്ശേരിയെയും കൊടിയത്തൂരിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതും കരിപ്പൂർ വിമാനത്താവളം, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുള്ള ദൂരം കുറക്കുന്നതുമാണ് നിർദിഷ്ട പാത. പദ്ധതി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്. കിഫ്ബി ധനസഹായത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ മുക്കം മുനിസിപ്പാലിറ്റിയെയും കൊടിയത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് നിർമാണം. ഫെബ്രുവരി ഒന്നിനാണ് ടെൻഡർ തുറക്കുക. ഒരു വർഷത്തിനുള്ളിൽ റോഡ് നവീകരണം പൂർത്തിയാക്കാനാണ് നിർദേശം. തെയ്യത്തുംകടവ് പാലം മുതൽ റോഡിന് സ്ഥലം ഏറ്റെടുക്കേണ്ടതിനാൽ ഈ ഭാഗം ഒഴിവാക്കി ആദ്യഘട്ടത്തിനാണ് ടെൻഡർ നടപടിയായതെന്ന് ജോർജ് എം. തോമസ് എം.എൽ.എ പറഞ്ഞു