ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിൽ ആറുപേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. യു.കെയിൽ നിന്നെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടു പേർക്കും കോട്ടയത്തും കണ്ണൂരിലും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗബാധിതരെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും നിരീക്ഷണത്തിലാക്കി.
ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകുകയും മറ്റുള്ളവരിലേക്ക് വേഗം പകരുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിദേശത്തു നിന്ന് വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇവരുമായി സമ്പർക്കത്തിൽ വരുന്നവരും അറിയിക്കണം. അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യവകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റീൻ കൂടുതൽ കർശനമായി പാലിക്കണം. മാസ്‌ക്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കുകയും ശാരീരികാകലം പാലിക്കുകയും വേണം.