കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 56കാരിയായ ചോറ്റാനിക്കര സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 23നാണ് ഇവർ പനിയെ തുടർന്ന് ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ രണ്ട് പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
ജില്ലാ കളക്ടറുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടന്നു. പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നേരത്തെ, കോഴിക്കോട് ജില്ലയിൽ ഷിഗെല്ല നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.