ദോഹ: ഖത്തറിലെ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങി. പ്രായമായ നിരവധി പേര്‍ രാവിലെ തന്നെ വാക്‌സിന്‍ സ്വീകരിക്കാനെത്തി. ആദ്യ ഘട്ടത്തില്‍ പ്രായമായവര്‍, മാറാവ്യാധികളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
അല്‍ വജ്ബ ആരോഗ്യ കേന്ദ്രത്തില്‍ പ്രായമായ സ്വദേശികളാണ് ആദ്യവാക്‌സിന്‍ സ്വീകരിച്ചവര്‍. മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും സമാനമായിരുന്നു സ്ഥിതി. അല്‍ വജ്ബയ്ക്കു പുറമേ ലഅബീബ്, അല്‍ റുവൈസ്, ഉം സലാല്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ തുമാമ, മുഐതര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.
വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചവരെ നേരിട്ട് വിവരമറിയിക്കുമെന്ന് ഇന്നലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ പ്രതിനിധി ഡോ. സംയ അല്‍ അബ്ദുല്ല അറിയിച്ചിരുന്നു. ആദ്യ ഡോസ് വാക്‌സിന് ശേഷം മൂന്നാഴ്ച്ച കഴിഞ്ഞ് ഒരു ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കും. നിലവില്‍ മുന്‍ഗണന പ്രകാരമാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും കൂടുതല്‍ ഡോസ് എത്തുന്നതിന് അനുസരിച്ച് മുഴുവന്‍ പേര്‍ക്കും നല്‍കിത്തുടങ്ങും. എന്നാല്‍, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കില്ല.