സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന ചില പ്രവണതകൾ കാണിക്കുന്നതിനാൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആക്റ്റീവ് രോഗികളുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച (ഡിസംബർ 13) 59,438 എന്നുള്ളത് ഈ ഞായറാഴ്ച 61,604 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതൽ വർദ്ധിച്ചത് ആദ്യം തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലാണ്. അവസാനം തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം, കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്ഥിതി നോക്കുമ്പോൾ കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ കുറവാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ട്, എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ കരുതലുകൾ എല്ലാവരും സ്വീകരിക്കണം. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഉണ്ടായതു പോലുള്ള ഒരു കോവിഡ് വ്യാപനം കേരളത്തിൽ ഉണ്ടായതായി കണക്കുകൾ കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു ശതമാനം ആളുകളും ജാഗ്രത പുലർത്തിയതിന്റെ ഫലമായാണ് അതു സാധിച്ചത്. സർക്കാർ എടുത്ത മുൻകരുതലുകളോട് ജനങ്ങൾ സഹകരിച്ചതിന്റെ ഗുണഫലമാണിത്. എന്നാലും ചെറിയ തോതിൽ രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കണം.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി എല്ലാവരും ഒരുങ്ങുന്ന ഘട്ടമാണിത്. രോഗം പകരാത്ത വിധത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വേണം ഈ ആഘോഷങ്ങളിൽ ഏർപ്പെടാൻ. കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്‌കുകൾ ധരിക്കാനും മറക്കാൻ പാടില്ല. നമ്മുടെ അശ്രദ്ധയുടെ ഫലമായി രോഗം പടർന്നുപിടിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അതു തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *