കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഇടപഴകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, ക്ഷീണം, തലവേദന, വയറിളക്കം, മണം, രുചി എന്നിവ തിരിച്ചറിയാതിരിക്കല്‍, തൊണ്ടയില്‍ ചൊറിച്ചില്‍, മൂക്കൊലിപ്പ് എന്നിവ അനുഭവപ്പെടുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളുടെയും നേതൃത്വത്തില്‍ പഞ്ചായത്തുതലത്തില്‍ കോവിഡ് പരിശോധന സൗജന്യമായി നല്‍കി വരുന്നുണ്ട്. ജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.