സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിച്ചു
കേരള പോലീസിൽ പുതുതായി വനിതാ ഫുട്‌ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകർഷിക്കുന്നതിന് പ്രതേ്യക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായികഇനങ്ങളിലായി 137 പേർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്. പാസിങ് ഔട്ട് പൂർത്തിയാക്കിയ ബാച്ചിൽപ്പെട്ടവർ ഹരിയാനയിൽ നടന്ന ആൾ ഇന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിൽ എട്ട് സ്വർണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡൽ നേടിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു.
57 ഹവിൽദാർമാരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇതിൽ 35 പേർ പുരുഷൻമാരും 22 പേർ വനിതകളുമാണ്. മികച്ച ഔട്ട്‌ഡോർ കേഡറ്റായി ആൽബിൻ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്, അതുല്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഓൾ റൗണ്ടറും ഇൻഡോർ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടത് ആൽഫി ലൂക്കോസ് ആണ്. ഇവർക്കും സംസ്ഥാന പോലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു.
എ.ഡി.ജി.പിമാരായ ഡോ.ബി സന്ധ്യ, കെ.പത്മകുമാർ, മനോജ് എബ്രഹാം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ.എൽ ജോൺകുട്ടി എന്നിവർ സംബന്ധിച്ചു.