?കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണയാണെന്നും മോദി പറഞ്ഞു.

?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് വകകള്‍ സംരക്ഷിക്കല്‍ മാത്രമാണ് ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.

?മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറിലധികം ചോദ്യംചെയ്തു. രാവിലെ 9.30-ഓടെ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായ അദ്ദേഹത്തെ ചോദ്യംചെയ്യുന്നത് രാത്രി വൈകിയാണ് അവസാനിച്ചത്. അദ്ദേഹത്തെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും. എന്നാല്‍ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല.

?കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവുള്‍പ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്.

?തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ വിജയം നേടാനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്ലാ മേഖലകളിലും ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞു. വിജയത്തിന്റെ തുടര്‍ച്ച എന്നതാണ് പ്രധാനമെന്നും അതിനു വേണ്ടി ക്രമീകരണങ്ങളും തയ്യാറെടുപ്പും നടത്താനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കുന്നതെന്നും വിജയരാഘവന്‍.

?തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച മിന്നുന്ന വിജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളപര്യടനം നടത്താന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബര്‍ 22 മുതല്‍ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ തീരുമാനം. മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഒരുങ്ങാന്‍ സി.പി.എം തീരുമാനിച്ചതിന്റെ ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ കേരളപര്യടനം മാറ്റാനാണ് തീരുമാനം. ഇതനുസരിച്ച് ഇന്നലെ വൈകീട്ടു ചേര്‍ന്ന ഇടതുമുന്നണിയോഗം മുഖ്യമന്ത്രിയുടെ പര്യടനത്തിന് സി.പി.എം. തയ്യറാക്കിയ റൂട്ട് മാപ്പ് അംഗീകരിച്ചു.

?കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

?ബിജെപിയില്‍ വിഭാഗീയതയുണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇടത് മാധ്യമ സിന്‍ഡിക്കേറ്റ് ആണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ‘കൃഷ്ണദാസ് പക്ഷം’ എന്ന പേരില്‍ ഒരു പക്ഷം പാര്‍ട്ടിയില്‍ ഇല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പി കെ കൃഷ്ണദാസ്.

?ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതല്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. മകരവിളക്ക് തീര്‍ത്ഥാടന സമയത്തും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

?എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍.രവീന്ദ്രനാഥ്. കുട്ടികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ സംഘടിപ്പിക്കൂവെന്നും ഇപ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.

?കൊവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുന്നതാണ്.

?തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ രാജി. പത്തനംതിട്ട ഡി.സി.സി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പാണ് രാജിവെച്ചത്. തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും സി.പി.എമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു.

?താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്നും കോടതി.

?കോണ്‍ഗ്രസ് പാര്‍ട്ടി പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം നേതാക്കളും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

?നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ ബി.ജെ.പി. ഡല്‍ഹി ഘടകം പോലീസില്‍ പരാതി നല്‍കി. സമരത്തിലിരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

?ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇര ആയിരുന്നുവെന്ന് സി.ബി.ഐ. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ക്കുമെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികള്‍ക്ക് എതിരെ സി.ബി.ഐ. ചുമത്തി.

?കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടില്‍ സിഎജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കകോലി ഘോഷ്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ എട്ടുമാസമായി ശമ്പളം കൊടുക്കാത്ത കാര്യം ശ്രദ്ധയില്‍ പെടുത്തിയ ഘോഷ് രാജ്യം തന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു.

?പശ്ചിമ ബംഗാളില്‍ സി.പി.എം. എം.എല്‍.എ. ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നു. ഹാല്‍ദിയ എം.എല്‍.എ. താപ്‌സി മൊണ്ഡലാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ഇന്ന് ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് താപ്‌സി പറഞ്ഞു.

?കേരളത്തില്‍ ഇന്നലെ 54,472 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍കോട് 78.

?കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60), ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുകുമാര കുറുപ്പ് (74), എറണാകുളം താണിക്കല്‍ ലെയിന്‍ സ്വദേശിനി മുംതാസ് (70), ഇലഞ്ഞി സ്വദേശി മേരിക്കുട്ടി (70), തൃശൂര്‍ ചെറുങ്ങലൂര്‍ സ്വദേശി ബീരാവുണ്ണി (62), മലപ്പുറം ആനമങ്ങാട് സ്വദേശി അബൂബക്കര്‍ (78), കരുളായി സ്വദേശി മുഹമ്മദ് (60), കല്പകഞ്ചേരി സ്വദേശി കുഞ്ഞീത്തുട്ടി (74), തവനൂര്‍ സ്വദേശിനി കദീജ (79), വളവന്നൂര്‍ സ്വദേശി മൊയ്ദീന്‍ ഹാജി (70), കോഴിക്കോട് ഫറോഖ് സ്വദേശിനി കദീസുമ്മ (72), ചേങ്ങോട്ടുകാവ് സ്വദേശി ബാലന്‍ നായര്‍ (65), കാപ്പാട് സ്വദേശി ശ്രീദത്ത് (5), കണ്ണാച്ചേരി സ്വദേശിനി ചിന്നമ്മു (85), വടകര സ്വദേശി മഹമൂദ് (74), വയനാട് തലപ്പുഴ സ്വദേശിനി സാവിത്രി (60), സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് (84), കണ്ണൂര്‍ എളമയൂര്‍ സ്വദേശി ഗോപി (72), കാസര്‍ഗോഡ് കുട്ടിക്കാലു സ്വദേശി കോരപ്പല്ലു (70).

?സംസ്ഥാനത്ത് ഇന്നലെ 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ 453 ഹോട്ട് സ്‌പോട്ടുകള്‍.

?ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു.

?ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും റാവത്ത് ട്വീറ്റ് ചെയ്തു.

?ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇന്നലെ 26,991 കോവിഡ് രോഗികള്‍. മരണം 342. ഇതോടെ ആകെ മരണം 1,45,171 ആയി, ഇതുവരെ 1,00,04,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 95.49 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.07 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 3,994 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,418 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,239 പേര്‍ക്കും കര്‍ണാടകയില്‍ 1,222 പേര്‍ക്കും ആന്ധ്രയില്‍ 458 പേര്‍ക്കും തമിഴ്നാട്ടില്‍ 1,134 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 6,63,802 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,08,870 പേര്‍ക്കും ബ്രസീലില്‍ 52,385 പേര്‍ക്കും തുര്‍ക്കിയില്‍ 26,410 പേര്‍ക്കും റഷ്യയില്‍ 28,552 പേര്‍ക്കും ജര്‍മനിയില്‍ 31,553 പേര്‍ക്കും ഇംഗ്ലണ്ടില്‍ 28,507 പേര്‍ക്കും രോഗം ബാധിച്ചു. 11,792 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,329 പേരും ബ്രസീലില്‍ 811 പേരും ഇറ്റലിയില്‍ 674 പേരും ജര്‍മനിയില്‍ 838 പേരും മെക്സിക്കോയില്‍ 718 പേരും റഷ്യയില്‍ 611 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.59 കോടി കോവിഡ് രോഗികളും 16.79 ലക്ഷം മരണവും സ്ഥിരീകരിച്ചു.

?ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ പാകിസ്താനുമേല്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അബുദാബിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പാക് മന്ത്രി ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത്.

?ജപ്പാനിലെ കനെറ്റ്‌സു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വ്യാഴാഴ്ച രാത്രി കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാര്‍. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് ആയിരത്തിലധികം പേര്‍ മണിക്കൂറുകളോളം തങ്ങളുടെ വാഹനങ്ങളില്‍ ചിലവഴിച്ചത്.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. രണ്ടാം പകുതിയില്‍ അനികേത് ജാദവാണ് ടീമിനായി വിജയഗോള്‍ നേടിയത്.

?ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാമിന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു. നാലു വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് ഓസീസിനെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തി.

?പരിമിതമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ പോലും ഓഫ്ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന സവിശേഷതകള്‍ റുപേ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പരിമിതമായ നെറ്റ്വര്‍ക്ക് ഉള്ള പ്രദേശങ്ങളില്‍ പിഒഎസില്‍ (പോയിന്റ് ഓഫ് സെയില്‍) റുപേ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് കോണ്‍ടാക്റ്റ്‌ലെസ് ഓഫ്ലൈന്‍ പേയ്മെന്റുകള്‍ നടത്താമെന്നും എന്‍പിസിഐ അറിയിച്ചു. രാജ്യമെമ്പാടുമുള്ള ചെറു സംരംഭകര്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്നതാണ് ഈ ഫീച്ചര്‍.

?ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയതിന് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ മൈക്രോ ഇന്‍ഷുറന്‍സും പെന്‍ഷന്‍ പദ്ധതികളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷാവസാനത്തോടെ ആളുകള്‍ക്ക് വാട്ട്സ്ആപ്പ് വഴി മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്സ്ആപ്പ് ഇന്ത്യ. മിതമായ നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി വാട്ട്സ്ആപ്പ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സുമായി കരാറിലേര്‍പ്പെടുമെന്നാണ് വിവരം.

?അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. ‘ദ് ഗ്രേ മാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്‌ക്രീനില്‍ എത്തുക. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. അനാ ഡെ അര്‍മാസ് ആണ് നായിക. ധനുഷിന് പുറമേ വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാകും ഇത്. ഏതാണ്ട് 200 മില്യണ്‍ ഡോളര്‍ (1500 കോടി) ബഡ്ജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

?പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ടൊവീനോ നായകനായ മധുപാല്‍ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍’ അഹ വീഡിയോ എന്ന ഈ ഒടിടി പ്ലാറ്റ്ഫോം തെലുങ്കില്‍ റിലീസിനെത്തിക്കുന്നു. തെലുങ്ക് മൊഴിമാറ്റത്തിനൊപ്പം ചിത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. ‘വ്യൂഹം’ എന്നാണ് മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഈ മാസം 25നാണ് ചിത്രത്തിന്റെ പ്രീമിയര്‍. ജീവന്‍ ജോബ് തോമസ് ആണ് തിരക്കഥയൊരുക്കിയത്.

?ഒരു ലക്ഷത്തിലധികം കണക്ടഡ് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുകൊണ്ട് തൊപ്പിയില്‍ മറ്റൊരു തൂവല്‍ ചേര്‍ത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ്. ഇന്ത്യന്‍ വിപണിയില്‍ കിയ വില്‍ക്കുന്ന മൊത്തം യൂണിറ്റുകളില്‍ 55% കണക്റ്റുചെയ്ത കാറുകളാണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണക്റ്റഡ് കാര്‍ വേരിയന്റാണ് സെല്‍റ്റോസ് ജിടിഎക്സ് പ്ലസ് ഡിസിടി 1.4 ടര്‍ബോ മോഡലെന്ന് കമ്പനി പറയുന്നു.

?മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയന്‍. കാല്‍ക്കീഴില്‍ ചവിട്ടിനില്‍ക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്ര. ‘മണ്‍പുറ്റ്’. കെ.ആര്‍. ജയന്‍. മാതൃഭൂമി. വില 76 രൂപ.

?ഓക്സ്ഫഡിന്റെ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തല്‍. ഒരു ഡോസ് പൂര്‍ണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല വ്യക്തമാക്കുന്നത്. ഓക്സ്ഫഡ്-അസ്ട്രസെനക്ക കോവിഡ് വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് വാക്സിന്‍ പരീക്ഷിച്ചതായും സര്‍വകലാശാല വ്യക്തമാക്കി. ഒരു ഫുള്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നത് എന്നാണ് ഓക്സ്ഫഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. വാക്സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *