കോഴിക്കോട്: ഡിസംബര്‍ 13 വൈകിട്ട് മൂന്ന് മുതല്‍ തെരഞ്ഞെടുപ്പ് ദിവസം (ഡിസംബര്‍ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.

സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടി ക്രമങ്ങളും സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാധകമാണ്. എന്നാല്‍ കയ്യുറ ധരിക്കാതെ വോട്ടിംഗ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പ്രത്യേകം പേന ഉപയോഗിച്ച് വേണം വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യവകുപ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് എത്തണം. പോളിംഗ് സ്‌റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ട് വരുന്ന ഡ്രൈവര്‍മാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *