കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ ഉള്ളവർക്കും ഏർപ്പെടുത്തിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞടെുപ്പ് കമ്മീഷൻ അധിക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നേരിട്ട് നൽകുന്നതിന് പ്രിസൈഡിംഗ് ഓഫീസർക്ക് സമാനമായ തസ്തികയിലുള്ളവർ വേണമെന്ന് നിർബന്ധമില്ല. സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാരായി വില്ലേജ് ഓഫീസർ തസ്തികയിലുള്ളവരെയോ അതിന് സമാനമായ തസ്തികയിലുള്ളവരെയോ കൂടി പരിഗണിക്കും.

സ്‌പെഷ്യൽ വോട്ടർ ഫാറം 19 ബി യിലെ അപേക്ഷ കൈപ്പറ്റി ഒപ്പിട്ട് നൽകുകയും ബാലറ്റ് പേപ്പർ കൈമാറുകയും ചെയ്താൽ മാർക്ക്ഡ് കോപ്പിയിൽ അയാളുടെ പേരിന് നേരെ ചുവന്ന മഷികൊണ്ട് SPB എന്ന് മാർക്ക് ചെയ്യണം. ബാലറ്റിനുള്ള അപേക്ഷ ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചാൽ മാർക്ക്ഡ് കോപ്പിയിൽ SPB Refused എന്ന് രേഖപ്പെടുത്തണം. ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത സർട്ടിഫൈഡ് ലിസ്റ്റിലുള്ള സ്‌പെഷ്യൽ വോട്ടർമാരുടെ പേരിന് നേരെ മാർക്ക്ഡ് കോപ്പിയിൽ SV എന്നും മാർക്ക് ചെയ്യണം.

ഇവർക്ക് പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ സാധിക്കില്ല. സ്‌പെഷ്യൽ വോട്ടർക്ക് വോട്ടുചെയ്യുന്നതിന് ആവശ്യമായ പേന, മഷി പാഡ്, ഗ്ലൂസ്റ്റിക് മറ്റ് തിരഞ്ഞെടുപ്പ് സാധനങ്ങൾ എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വരണാധികാരികളാണ് നൽകേണ്ടത്.
സ്‌പെഷ്യൽ ബാലറ്റിനായി വോട്ടെടുപ്പിന് തലേ ദിവസം വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാൽ വഴിയോ ലഭിക്കുന്ന അപേക്ഷകൾക്ക് വൈകിട്ട് ആറിന് മുമ്പ് തന്നെ പോസ്റ്റൽ ബാലറ്റുകൾ അയക്കണം. ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിലെ വോട്ടറുടെ പേരോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ പ്രസ്തുത തദ്ദേശസ്ഥാപനത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ / വരണാധികാരി വ്യക്തത വരുത്തണം.
വോട്ടെടുപ്പിന്റ തലേ ദിവസം വൈകിട്ട് മൂന്ന് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. അതിനായി വോട്ടർമാർ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിൽ എത്തണം.

എന്നാൽ ആറിന് ക്യൂ വിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ടുചെയ്തതിനുശേഷം മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കൂ. അവർ പോളിംഗ് സ്റ്റേഷനിൽ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിർബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. സർക്കാർ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്‌പെഷ്യൽ വോട്ടർമാർ സ്വന്തം ചെലവിൽ പിപിഇ കിറ്റ് ധരിച്ച് എത്തണം. വോട്ട് ചെയ്തതിന് ശേഷം എല്ലാവരുടെയും പിപിഇ കിറ്റ് ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉപാധികൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം നശിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *