തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനം ഉണ്ടാകാനിടയില്ല.

തീരുമാനങ്ങൾ കോവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിൽ ചെല്ലണമെന്ന് നിർദേശിച്ചിട്ടുണ്ട്. എത്ര ശതമാനം അധ്യാപകർ ഓരോദിവസവും ചെല്ലണമെന്നത് സ്കൂൾതലത്തിൽ തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകും.

10, 12 ക്ളാസുകാർക്ക് പഠിപ്പിച്ച പാഠങ്ങളിൽനിന്നുള്ള സംശയം തീർക്കാനും പോരായ്മകൾ പരിഹരിച്ചുള്ള ആവർത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കൽ ക്ലാസുകൾക്കും അനുമതി നൽകും.

നിയമസഭാ തിരഞ്ഞെടുപ്പും വെല്ലുവിളി

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടുമാസ ഇടവേളയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനാൽ താഴ്ന്ന ക്ലാസുകൾ ഈ അധ്യയന വർഷം തുറക്കാനിടയില്ല.

നിലവിൽ എട്ടാം ക്ലാസ് വരെയാണ് എല്ലാവർക്കും ജയം. എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കാനാണ് ആലോചന.

സിലബസ് കുറയ്ക്കാൻ ഏകീകരണം വേണം

നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ സിലബസ് കുറച്ചിരിക്കുന്നത് പല രീതിയിലാണ്. 10, 11, 12 ക്ലാസുകളെ അടിസ്ഥാനമാക്കി വിവിധ പ്രവേശന, സ്കോളർഷിപ്പ് പരീക്ഷകളുള്ളതിനാൽ ഇതിന് ഏകീകൃത സ്വഭാവം വേണമെന്ന ആവശ്യമുയർന്നു.

ദേശീയ തലത്തിൽ വിവിധ പരീക്ഷാ ബോർഡുകളുടെ ഏകീകൃത സംവിധാനമായ കോൺഫെഡറേഷൻ ഓഫ് അലൈഡ് ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇക്കാര്യം പരിഗണിക്കുന്നു. കേരളത്തിൽ സിലബസ് കുറയ്ക്കേണ്ടെന്ന തീരുമാനത്തിലാണ്. ദേശീയ തലത്തിൽ സിലബസ് വെട്ടിക്കുറച്ചാൽ അതിനനുസരിച്ച കുറവ് ഇവിടെയും വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *