കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാമിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.
കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന സർക്കാർ വാദം അംഗീകരിച്ച്‌ കേസ് ഇപ്പോള്‍ സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കണ്ടാല്‍ കുടുംബത്തിന് വീണ്ടും കോടതിയെ സമീപിക്കാവുന്നാതാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ വ്യക്തമാക്കി.

പി.വി അൻവർ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യമുയർത്തിയത്. കുടുംബത്തിന്റെ അഭ്യർഥന പരിഗണിച്ച്‌ ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഡി.ജി.പി.ക്ക് കേസ് സിബി.ഐക്ക് വിടാനുള്ള ശുപാർശയും നല്‍കിയിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ചിന് പ്രത്യേകസംഘം രൂപവത്കരിച്ച്‌ അന്വേഷണം നടത്താനുള്ള നിർദേശം നല്‍കുകയായിരുന്നു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പ്രേമൻ യു. ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോണ്‍ സി.എസ്., രതീഷ് കുമാർ ആർ., അഭിലാഷ് പി., സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *