കോഴിക്കോട്: ഉള്ളിയേരിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഇന്ന് ബഹുജന പ്രക്ഷോഭം.
മൊടക്കല്ലൂർ മലബാർ മെഡിക്കല്‍ കോളേജ് (എം.എം.സി ) മാനേജ്‌മെന്റിനും ഡോക്ടർമാർക്കുമെതിരെ ആശുപത്രിയിലേക്ക് രാവിലെ 10നാണ് പ്രതിഷേധം. ചികിത്സാപ്പിഴവുണ്ടായെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി മലബാർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് 10നും 11നും മരുന്നുവച്ചു.
11ന് ഉച്ചയ്ക്ക് വേദനയുണ്ടായെങ്കിലും പ്രസവിച്ചില്ല. സിസേറിയൻ നടത്തണമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും അശ്വതിയുടെ നില ഗുരുതരമായിട്ടും ഡോക്ടർമാർ ശസ്ത്രക്രിയ വൈകിപ്പിച്ചതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പിറ്റേന്ന് പുലർച്ചെ ഗർഭപാത്രം
തകർന്ന് കുഞ്ഞ് മരിച്ചു. ആരോഗ്യസ്ഥിതി മോശമായ അശ്വതിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.