മുക്കം: മുക്കം നഗരസഭയില്‍ വൻ സാമ്ബത്തിക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2022-2023 സാമ്ബത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് വൻ സാമ്ബത്തിക ക്രമക്കേടുകള്‍ ഉള്‍പ്പടെ ഒട്ടേറെ നിയമലംഘനങ്ങളുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയില്‍ 2021- 22 വർഷത്തില്‍ തിരിച്ചടക്കാനുള്ള തുകയും 2022- 23 വർഷത്തില്‍ തിരിച്ചടച്ച തുകയും തമ്മില്‍ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതിന്‍റെ രേഖകള്‍ പരിശോധനക്ക് ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.വികസന ഫണ്ട്, മെയിന്‍റനൻസ് ഫണ്ട്, നോണ്‍ റോഡ് എന്നിവയുടെ അടങ്കല്‍ തുകയും ചെലവും പൊരുത്തപ്പെടുന്നില്ല. ഓഫീസിലെ ചുമതല നിർവഹണം ഒട്ടും കാര്യക്ഷമമല്ല. രണ്ട് കോടിയിലധികം രൂപ നികുതിയിനത്തില്‍ നഗരസഭക്ക് കുടിശികയായി ലഭിക്കാനുണ്ട്. സമയബന്ധിതമായി ഇത് പിരിച്ചെടുക്കാനുള്ള പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടുമില്ല. നികുതി നിരക്കുകള്‍ തെറ്റായി രേഖപ്പെടുത്തിയതായും സൂചിപ്പിക്കുന്നു.
വസ്തു നികുതി നിർണയം നടത്തിയതില്‍ കോടിക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായിട്ടുള്ളത്. അനധികൃതമായി കെട്ടിട നമ്ബർ നല്‍കിയതായും തുടർനടപടികള്‍ ഉണ്ടായില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
നികുതി പരിഷ്കരണത്തിലെ കാലതാമസം, മാപ്പിംഗ് പൂർത്തീകരിക്കാത്തത്, നികുതി നിർണയത്തിലെ തെറ്റായ നടപടികള്‍ എന്നിവയും ക്രമക്കേടുകളായിട്ടുണ്ട്. അനർഹമായ ഇളവുകള്‍ക്ക് നഗരസഭയുടെ ശിപാർശയുണ്ട്.
ഇരുവഴിഞ്ഞിപ്പുഴ പുറമ്ബോക്ക് ഭൂമി സംബന്ധിച്ച് പരിശോധന നടത്തുകയോ കയ്യേറ്റം തടയുകയോ ചെയ്യുന്നില്ല.സിഎച്ച്‌സി വളപ്പിലെ മരങ്ങള്‍ ലേലം ചെയ്തു വിറ്റ വകയില്‍ 1,35,500 രൂപയും ജിഎസ്ടി ഇനത്തില്‍ 24,650 രൂപയും 10-1-23ന് നഗരസഭയില്‍ അടയ്ക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ ഇതുവരെ അടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും ലൈസൻസ് നല്‍കിയതിന്‍റെ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമല്ല. അനധികൃത നിർമാണങ്ങള്‍ ക്രമവല്‍ക്കരിച്ച് നികുതി ചുമത്തിയിട്ടുണ്ട്. സ്കൂളുകളില്‍ പെയിന്‍റിംഗിന്‍റെയും മറ്റും പേരില്‍ ചെയ്യാത്ത പ്രവൃത്തികള്‍ക്ക് കരാറുകാരന് തുക നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബയോഗ്യാസ് പദ്ധതിയില്‍ 16,65,510 രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്.
മുക്കം സിഎച്ച്‌സിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് 18,05,400 രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതി ലക്ഷ്യം കൈവരിക്കാതെ പരാജയപ്പെട്ടു കിടക്കുകയാണ്. അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏജൻസിക്ക് തുക നല്‍കിയതിലും പദ്ധതി നടപ്പാക്കിയതിലും അപാകതകള്‍ ഒട്ടേറെയാണ് റിപ്പോർട്ടില്‍ കാണിച്ചിരിക്കുന്നത്. ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിലും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഭിന്നശേഷി സ്കോളർഷിപ്പ് അർഹതയുണ്ടായിട്ടും നിഷേധിച്ചതായും കണ്ടെത്തി. ക്വട്ടേഷനുകള്‍ക്ക് കൗണ്‍സില്‍ അംഗീകാരം ലഭിക്കാതെ കരാറുകാരന് പ്രവൃത്തി ഏല്‍പ്പിച്ചു കൊടുത്തു. പിഎംഎവൈ ഭവന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കിയില്ല.
കുടുംബശ്രീ-ബാലസഭ കുട്ടികള്‍ക്കുള്ള സ്റ്റാമിന പദ്ധതിയിലടക്കം സാമ്ബത്തിക ക്രമക്കേട് കാണിച്ചു. അതി ദരിദ്രർക്കും അഗതികള്‍ക്കും ഉള്ള പദ്ധതി നടത്തിപ്പിലും കാര്യമായ വീഴ്ചയാണ് നഗരസഭയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ഓഡിറ്റ് റിപ്പോർട്ടില്‍ പറയുന്നു.