കോതമംഗലം: ചെറുവട്ടൂർ ഭാഗത്ത് മുസ്ലിം പള്ളിയില്‍ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പതിനായിരങ്ങള്‍ തട്ടിയെടുത്ത കോഴിക്കോട് സ്വദേശി കോതമംഗലം പോലീസിന്റെ പിടിയിലായി.
ചേളണ്ണൂർ വില്ലേജ് പാലത്തിനു സമീപം കോണോട്ടുതാഴം ഹിറാ മൻസിലില്‍ മുനീബ് (29) ആണ് അറസ്റ്റിലായത്. ഇയാള്‍ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിന്റെയാണ് മൊബൈലും പണവും നഷ്ടപ്പെട്ടത്. 14-ന് ഉച്ചയ്ക്ക് പ്രാർഥനയ്ക്ക് പള്ളിയില്‍ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈലുമായി മുനീബ് കടന്നത്.
അന്നുതന്നെ തട്ടിയെടുത്ത മൊബൈലിലൂടെ ജി-പേ പാസ്വേഡ് ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു. എ.ടി.എമ്മില്‍ കയറി കുഞ്ഞുമുഹമ്മദ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്.
ഓണാവധി കഴിഞ്ഞ് ചൊവ്വാഴ്ച ബാങ്ക് ശാഖയില്‍ എത്തി അക്കൗണ്ട് വിവരം പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചെറുവട്ടൂർ ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി.
പോലീസ് എത്തി കൈവശമുള്ള മൊബൈല്‍ വാങ്ങി പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത മൊബൈലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സി.ഐ. പി.ടി. ബിജോയ്, എസ്.ഐ. മാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിൻ സണ്ണി, എം.എം. റെജി, എ.എസ്.ഐ. എല്‍ദോസ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.