കോഴിക്കോട്: നേരിയ ഇടവേളയ്ക്കുശേഷം കോഴിക്കോടിന് കാല്‍പന്തുകളിയുടെ ആവേശം പകർന്ന് കേരള സൂപ്പർ ലീഗ്. കോഴിക്കോടിന്റെ സ്വന്തം ടീമായ കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്ബൻസും അണിനിരന്ന മത്സരം കാണാൻ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ ആയിരങ്ങളെത്തി. ആദ്യ മുപ്പതാം മിനിറ്റില്‍ തന്നെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയത് ആവേശം ഇരട്ടിയാക്കി. സൂപ്പർ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് എഫ്.സി കന്നിമത്സരത്തിനിറങ്ങിയപ്പോള്‍ ആവേശം പകർന്ന് സംവിധായകനും ചലച്ചിത്രതാരവുമായ ബേസില്‍ ജോസഫ്. കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അംബാസിഡറായി ബേസില്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ആർപ്പുവിളികളോടെ കാണികള്‍ വരവേറ്റു. തിരുവനന്തപുരം കൊമ്ബൻസുമായിട്ടായിരുന്നു കാലിക്കറ്റ് എഫ്.സി.യുടെ ആദ്യ മത്സരം. ആദ്യ മാച്ചിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ നടക്കുന്ന നറുക്കെടുപ്പിന്റെ സമ്മാനദാനവും മത്സരവേദിയില്‍ ബേസില്‍ നിർവഹിച്ചു.
കാലിക്കറ്റ് എഫ്.സി യ്ക്ക് അഞ്ച് ഹോം മാച്ചുകളാണുള്ളത്. പ്രശസ്തനായ ഇയാൻ ആൻഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ്.സി യുടെ കോച്ച്. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ കോച്ചായി തെരഞ്ഞെടുത്ത ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്‌സിയുടെ അസി.കോച്ച്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മഞ്ചേരി എന്നിവിടങ്ങളിലായാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. കോഴിക്കോട്ടെ ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങള്‍. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 മത്സരങ്ങളില്‍ 11 എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബർ 10ന് കൊച്ചിയിലാണ് ഫൈനല്‍. സ്റ്റാർ പ്ലസിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
കോഴിക്കോട്ടെ മത്സര ഷെഡ്യൂള്‍
കാലിക്കറ്റ് എഫ്‌സി-കൊച്ചി ഫോർക എഫ്‌സി (സെപ്തംബർ 18)
കാലിക്കറ്റ് എഫ്‌സി- തൃശൂർ മാജിക്ക് എഫ്‌സി (സെപ്തംബർ 24)
കാലിക്കറ്റ് എഫ്‌സി – കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി (സെപ്തംബർ 28)
കാലിക്കറ്റ് എഫ്‌സി-മലപ്പുറം എഫ്‌സി (ഒക്ടോബർ 12)