കോഴിക്കോട്: വയനാട് ദുരന്തഭൂമിയില് സേവനം ചെയ്ത എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്മാര്ക്കുള്ള സമസ്തയുടെ സ്നേഹോപഹാര സമര്പ്പണം ഈ മാസം 14ന് (സപ്തംബര് 14) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില് നടക്കും.
2024 ജൂലൈ 30ന് അര്ദ്ധരാത്രി വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്മലയിലും ഉണ്ടായ മഹാദുരന്തത്തിന്റെ തൊട്ടടുത്ത സമയം തന്നെ ദുരന്ത ഭൂമയില് ഓടിയെത്തി ദിവസങ്ങളോളം നിസ്വാര്ത്ഥ സേവനം ചെയ്ത വിഖായയുടെ മാതൃകാ പ്രവര്ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ശനിയാഴ്ച നടക്കുന്ന അനുമോദന ചടങ്ങും ഉപഹാര സമര്പ്പണവും.
സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള് ഉപഹാര സമര്പ്പണം നടത്തും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സമുന്നതരായ നേതാക്കള് സംബന്ധിക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സേവന നിരതരായിരുന്ന ആയിരത്തോളം വിഖായ വളണ്ടിയര്മാര് ചടങ്ങില് വെച്ച് ഉപഹാരം ഏറ്റുവാങ്ങും.