കോഴിക്കോട്: കേരളത്തിന്റെ ഉള്ളുലച്ച വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ ഏറാടൻ ഉസ്മാന് സഹായഹസ്തവുമായി കോഴിക്കോട് നടുവണ്ണൂർ സ്വദേശി നെടുങ്ങണ്ടിയില്‍ ജബ്ബാർ.
ഉസ്മാന് വീട് വയ്ക്കാൻ ആവശ്യമായ സ്ഥലം നല്‍കാമെന്ന് റിട്ട. അധ്യാപകൻ കൂടിയായ ജബ്ബാർ വാഗ്ദാനം ചെയ്തു.
കോഴിക്കോട് നരിക്കുനിക്ക് അടുത്ത് നന്മണ്ട പുന്നശ്ശേരിയിലാണ് സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉസ്മാന്റെ പേരില്‍ സ്ഥലം മാറ്റി നല്‍കാമെന്നാണ് വാഗ്ദാനം. വീട് വയ്ക്കുന്നത് വരെ തത്ക്കാലം താമസിക്കുന്നതിന് വാടകവീട് അടക്കമുള്ള സൗകര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ജബ്ബാർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
നിറഗർഭിണിയായ മോളെയുംകൊണ്ടാണ് ഉസ്മാൻ ആ രാത്രി മലയിറങ്ങിയത്. മകളും വയറ്റില്‍ വളരുന്ന കുഞ്ഞും കാരണമാണ് താനും കുടുംബവും ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതെന്നാണ് ഉസ്മാൻ വിശ്വസിക്കുന്നത്. ആനയിറങ്ങുന്ന കാട്ടിലൂടെയാണ് ഗർഭിണിയായ മകളെയുംകൊണ്ട് അദ്ദേഹം രക്ഷപ്പെട്ട് ഓടിയത്. മകളെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും കരുതിയായിരുന്നു ആ സാഹസികയാത്ര.
ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം പുഴയിലൂടെ കുതിച്ചൊഴുകി ചൂരല്‍മലയുടെ അടിവാരം മുഴുവൻ കശക്കിയെടുത്ത് സർവതും സംഹരിക്കുകയായിരുന്നു. ഉസ്മാന്റെ വീടുണ്ടായിരുന്നിടം ചെളിക്കൂമ്ബാരമായി. സമ്ബാദ്യമെല്ലാം നഷ്ടപ്പെട്ടാലും കയറി ചെല്ലാനൊരു വീടില്ലാത്ത അവസ്ഥയെക്കുറിച്ച് നിറകണ്ണുകളോടെ ഉസ്മാൻ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് സഹായവുമായി റിട്ട. അധ്യാപകൻ രംഗത്തെത്തിയത്.
നേരത്തെ കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഉമ്മുഹബീബയ്ക്കും ജബ്ബാർ സ്ഥലം നല്‍കിയിരുന്നു. തുടർന്ന് ഈ സ്ഥലത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെ ഉമ്മുഹബീബയ്ക്ക് വീട് നിർമിച്ച് നല്‍കി.