കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി ഉച്ചയോടെ എത്തിയത്. അർജുന്റെ ബന്ധുക്കളുമായി സംസാരിച്ച്‌ അവരെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തതായി അർജുന്റെ കുടുംബം പറഞ്ഞു.

ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അര്‍ജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ഈശ്വര്‍ മാല്‍പെ സ്വന്തം റിസ്‌കിലാണ് അവിടേക്ക് വന്നത്. പോലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. തിരച്ചില്‍ ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഈശ്വർ മാല്‍പെക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞിരുന്നുവെന്നും അർജുന്റെ കുടുംബം ആരോപിച്ചു. ‘ഒരുപാട്
പേര്‍ ഇപ്പോള്‍ കേരളത്തില്‍ ദുഃഖം അനുഭവിക്കുന്നുണ്ട്. അവരെയൊക്കെ കാണുന്ന പോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വസിപ്പിച്ചു.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം അഞ്ജു പറഞ്ഞത്.

അര്‍ജുനായുള്ള തിരച്ചില്‍ ഉടൻ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്നും പുഴയിലേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് നിന്നും മടങ്ങുകയാണെന്ന് ഈശ്വർ മാല്‍പെ പറഞ്ഞു. പോലീസ് വന്ന് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞുവെന്നും മാല്‍പെ പറഞ്ഞു.

ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും ഇവിടേക്ക് 200 കിലോമീറ്റർ ദൂരമുണ്ട്. ഞങ്ങളുടെ പണം ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്. അർജുൻ മാത്രമല്ല, ലോകേഷും ജഗന്നാഥും കൂടിയുണ്ടെന്നും ഈശ്വർ മാല്‍പെ പ്രതികരിച്ചു. ഇനി എപ്പോഴാണ് തിരച്ചില്‍ നടത്തുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.

അതേസമയം, ജൂലൈ 16 മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു നിന്നായിരുന്നു. ഇവിടെ നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നല്‍ ലഭിച്ചതും. മണ്ണ് ഇടിഞ്ഞു വീഴുമ്ബോള്‍ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ നല്‍കിയ വിവരം.

അതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. പതിനേഴ് ദിവസത്തിന് ശേഷമായിരുന്നു ഈ പാത വാഹനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നത്. അർജുനെയും ലോറിയും കാണാതാവുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്‌ത മണ്ണിടിച്ചിലിനെ തുടർന്നാണ് ദേശീയപാത 66ല്‍ ഗതാഗതം നിരോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *