പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ചെറിയ തെറ്റുകളുടെ പേരിൽ വിദ്യാർഥികളുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി എസ്.എസ്.എൽ.സി. വിജയിച്ച വിദ്യാർഥികൾക്കാണ് ഈ അവസ്ഥ. ശനിയാഴ്ചയാണ് മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലെ പ്രവേശനനടപടികൾ പൂർത്തിയാകുന്നത്.ഏകജാലക പ്രവേശനം തുടങ്ങിയശേഷം ഇതാദ്യമായാണ് വിദ്യാർഥികൾ നേരിട്ട് ഓൺലൈൻഅപേക്ഷ സമർപ്പിച്ചത്.
എല്ലാവർഷവും സ്കൂൾതലത്തിൽ പരിശോധന നടത്തി തെറ്റുകൾ തിരുത്താറുണ്ടായിരുന്നു. ഓൺലൈൻ അപേക്ഷാസമർപ്പണമായതിനാൽ ഇക്കുറി ആ സൗകര്യമുണ്ടായില്ല. അതാണ് തെറ്റുകളുണ്ടാകുന്നതിലേക്കു നയിച്ചത്.ജാതിപോലെയുള്ള കോളങ്ങൾ പൂരിപ്പിക്കുന്നതിലെ പിശകാണ് കുറേപേർ പുറത്താവുന്നതിൽ കലാശിച്ചത്. ഇനി സപ്ലിമെന്ററി അലോട്ട്മെന്റിന്റെ സമയത്തുമാത്രമേ ഈ വിദ്യാർഥികൾക്ക് അവസരമുണ്ടാകൂ. മികച്ച മാർക്കുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയവും സ്കൂളും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇതുമൂലം മാനസികസംഘർഷത്തിലാണ് വിദ്യാർഥികൾ.പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരങ്ങൾ അതതുദിവസംതന്നെ ഓൺലൈനായി രേഖപ്പെടുത്തണമെന്ന നിർബന്ധവും തെറ്റുകൾക്കിടയാക്കുന്നതായി ആക്ഷേപമുണ്ട്. മുഖ്യ അലോട്ട്മെന്റിലെ പ്രവേശനനടപടികൾ പൂർത്തിയാക്കാൻ ആറുദിവസമുണ്ടായിട്ടും തിരുത്തലുകൾ വരുത്താൻ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.വിദ്യാർഥികളുടെ വിവരം ഒരുതവണ രേഖപ്പെടുത്തിയാലും അന്തിമമായി ഉറപ്പാക്കുന്നതിനുമുമ്പ് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യം മുൻവർഷങ്ങളിൽ നൽകിയിരുന്നു. താത്കാലികപ്രവേശനം നേടിയ വിദ്യാർഥിക്ക് പ്രവേശന തീയതികൾ അവസാനിക്കുന്നതിനുമുമ്പ് പ്രവേശനം സ്ഥിരപ്പെടുത്തുന്നതിനും തിരിച്ചും അവസരമുണ്ടായിരുന്നു. അഡ്മിഷൻ നമ്പർ, ഉപഭാഷ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്കും അവസരം നൽകിയിരുന്നു. അത് ഇക്കുറി എടുത്തുകളഞ്ഞത് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ വലയ്ക്കുന്നു.തിരുത്തലുകൾക്ക് വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നാണ് നിബന്ധന. കോവിഡ് പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ ഏറെ വൈകുന്നതിനാൽ ഇത് വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കും.
തിരുത്തൽ സൗകര്യം വേണ്ടെന്നുവെച്ചത് ദുരുപയോഗിക്കും എന്നതിനാൽ വിദ്യാർഥികളുടെ പ്രവേശന വിവരങ്ങൾ ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ വീണ്ടും തിരുത്താൻ അവസരം നൽകിയാൽ ദുരുപയോഗിക്കും. അതിനാലാണ് ഇക്കുറി അത് ഒഴിവാക്കിയത്. തെറ്റു തിരുത്താനുണ്ടെങ്കിൽ അത് ഐ.സി.ടി. സെല്ലിലേക്ക് ഇ-മെയിൽ ചെയ്താൽ മതി. തെറ്റായ വിവരം നൽകിയതിന്റെ പേരിൽ പ്രവേശനം നിരസിക്കപ്പെട്ട കുട്ടികൾക്കെല്ലാം സപ്ലിമെന്ററി ഘട്ടത്തിൽ അവസരമുണ്ട്. ഹയർസെക്കൻഡറി ഡയറക്ടറേറ്റ്.