NADAMMELPOYIL NEWS
FEBRUARY 22/2023
താമരശ്ശേരി:താമരശേരി ചുരത്തിലെ കുരുക്കഴിക്കാന്‍ താല്‍ക്കാലി സംവിധാനമൊരുക്കും. എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും.സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്–കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടര്‍ എ ഗീതയോട് നേരിട്ടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ജില്ലയിലെയും കലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയത്.
ചുരത്തില്‍ വാഹനങ്ങള്‍ കേടാവുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് കലക്ടര്‍ എ ഗീത പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ലക്കിടിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എവിടെനിന്നാണോ ക്രെയിന്‍ എത്തിക്കാന്‍ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് രണ്ടുഭാഗത്തും ചുരം അതിര്‍ത്തിയില്‍ ക്രെയിന്‍ സൗകര്യം ഒരുക്കുന്നത്. എത്രയും പെട്ടെന്ന് ഇത് സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കലക്ടര്‍ എ ഗീത പറഞ്ഞു.
തിങ്കളാഴ്‌ച പുലര്‍ച്ചെ മുതല്‍ വന്‍ കുരുക്കാണ് ചുരത്തില്‍ ഉണ്ടായത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി. എട്ടാം വളവില്‍ കുടുങ്ങിയ ലോറി നീക്കാന്‍ ക്രെയിന്‍ എത്താന്‍ വൈകിയതാണ് കുരുക്ക് രൂക്ഷമാക്കിയത്. സ്‌ത്രീകളും കുട്ടികളും രോഗികളും മണിക്കൂറുകളാണ് ദുരിതം അനുഭവിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചുരം പൂര്‍ണമായി കോഴിക്കോട് ജില്ലയില്‍ ആയതിനാല്‍ വയനാട് ജില്ലാ ഭരണവിഭാഗത്തിന് ഇടപെടുന്നതില്‍ പരിമിതികളുണ്ട്.
അമിതഭാരം കയറ്റിയാണ് മിക്ക ലോറികളും ചുരത്തിലൂടെ യാത്ര ചെയ്യുന്നത്. ടിപ്പറുകള്‍ കൂട്ടത്തോടെ ഒന്നിച്ച് ചുരം കയറുന്നതും തടസ്സത്തിന് കാരണമാകുന്നു. വാഹനങ്ങള്‍ കടത്തിവിടുന്നതിന് മാനദണ്ഡം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍തല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.