സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അത് പുകവലിക്കുന്നവര്‍ക്കും വലിക്കാത്തവര്‍ക്കും അറിയാവുന്ന കാര്യമാണ്.എന്ന് കരുതി ആളുകള്‍ പുകവലിക്കാതിരിക്കാറുമില്ല. എന്നാല്‍, പല രാജ്യങ്ങളിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. പക്ഷേ, അപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കുന്നവരും സിഗരറ്റ് കുറ്റികള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരും ഉണ്ട്.

എന്നാല്‍, ഇംഗ്ലണ്ടില്‍ ഒരു ബ്രിട്ടീഷ് പൗരനില്‍ നിന്നും സിഗരറ്റ് കുറ്റി പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് വന്‍ തുക തന്നെ പിഴയായി ഈടാക്കിയിരിക്കുകയാണ്. 55,000 രൂപയാണ് ഇയാളില്‍ നിന്നും പിഴയായി ഈടാക്കിയിരിക്കുന്നത്. കൗണ്‍സില്‍ സ്റ്റാഫുകളുടെ മുന്നില്‍ നിന്നുമാണ് ഇയാള്‍ സിഗരറ്റ് വലിച്ചതും കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോയതും.

പുകവലിക്കുകയായിരുന്ന അലക്‌സ് ഡേവിസിനെ സ്ട്രീറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ തടയുകയായിരുന്നു. പിന്നാലെ, മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടക്കാനുള്ള നോട്ടീസ് നല്‍കി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് നടന്നു പോവുകയായിരുന്നു ഇയാള്‍. ആദ്യം ഇതിന് 15,000 രൂപ പിഴയടക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍, അലക്സ് അതിന് തയ്യാറായില്ല. പിന്നാലെ, സര്‍ചാര്‍ജ്ജ് അടക്കം 55,603 രൂപ പിഴയടക്കാനുള്ള ഉത്തരവ് വരുകയായിരുന്നു.

‘തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികളാണ് സ്ട്രീറ്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാലിന്യ പ്രശ്നം. ഇയാള്‍ അത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് നേരിട്ട് കണ്ടു. അയാള്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, പിഴയടക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. അതിനാല്‍ വിഷയം കോടതിക്ക് മുന്നിലെത്തി’ എന്ന് സൗത്ത് ഗ്ലൗസെസ്റ്റര്‍ഷെയര്‍ കൗണ്‍സിലിന്റെ എന്‍വയോണ്‍മെന്റ് എന്‍ഫോഴ്സ്മെന്റ് കാബിനറ്റ് അംഗം കൗണ്‍സിലര്‍ റേച്ചല്‍ ഹണ്ട് പറഞ്ഞു. ഇതുപോലെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ വിഘടിക്കാന്‍ 18 മാസം മുതല്‍ 10 വര്‍ഷം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *