കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കോട്ടയം നഗരസഭ.മുന്‍പ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച യുവതിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 29 നാണ് കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി രാജ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രികളില്‍ കഴിയുകയാണ്. മരണത്തിന് കാരണമായത് ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധനാ ഫലം ലഭിക്കണം. രശ്മിയുടെ ശരീര ശ്രവങ്ങള്‍ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണല്‍ ലാബിലേക്ക് അയക്കും.
ഒരു മാസം മുമ്ബും ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചതോടെ പിന്നീടും ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
അതേ സമയം, ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇരുപതോളം പേര്‍ക്കാണ് ഡിസംബര്‍ 29 ന് ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനായിട്ടില്ല.