NADAMMELPOYIL NEWS
JANUARY 03/2023

ഭക്ഷ്യസുരക്ഷ വകുപ്പ് 429 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 22 എണ്ണം അടപ്പിച്ചു.
21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടിസ് നല്‍കി

ഹോട്ടലുകളില്‍ പരിശോധന

തിരുവനന്തപുരം : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന. 22 എണ്ണം അടപ്പിക്കുകയും 21 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്‌തു. ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ നടന്ന പരിശോധനയില്‍ 429 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 86 ഹോട്ടലുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്. 44 സാമ്ബിളുകള്‍ പരിശോധിക്കുകയും 52 ഹോട്ടലുകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടിസ് നല്‍കുകയും ചെയ്‌തു.

തിരുവനന്തപുരം ബുഹാരി ഹോട്ടലില്‍ പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. ഇതോടെ പൊലീസിന്‍റെ സഹായത്തോടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വൃത്തിഹീനമായ സാഹചര്യം ചുണ്ടിക്കാട്ടി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.

കോട്ടയത്തെ യുവതിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്താകെ പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും നിര്‍ദേശം നല്‍കിയിരുന്നു. മോശം ഭക്ഷണം വിളമ്ബുന്ന ഹോട്ടലുകളെ സംബന്ധിച്ച്‌ വീഡിയോ സഹിതം പരാതി സമര്‍പ്പിക്കാനുള്ള പോര്‍ട്ടല്‍ തയാറാക്കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *