NADAMMELPOYIL NEWS
DECEMBER 13/2022

കോഴിക്കോട്: പൂര്‍ണമായും അറ്റുപോയ കൈകള്‍ തുന്നിച്ചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ രണ്ടുപേര്‍ക്ക് നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. അസം സ്വദേശി അയിനൂര്‍ (32), തൃശൂര്‍ ചെറുതുരുത്തി സ്വദേശി നിബിന്‍ (22) എന്നിവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടുപേരും സുഖംപ്രാപിച്ച്‌ വരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപി അറിയിച്ചു.ആദ്യമായാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.

ഈര്‍ച്ച മില്ലിലെ ജോലിക്കിടെ യന്ത്രത്തില്‍ കുടുങ്ങി ഇടതു കൈപ്പത്തി അറ്റനിലയില്‍ നവംബര്‍ 14നാണ് അയിനൂറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുടുംബകലഹത്തെ തുടര്‍ന്ന് കത്തികൊണ്ട് വെട്ടേറ്റാണ് നിബിന്റെ വലതു കൈപ്പത്തി അറ്റുപോയത്. ഡിസംബര്‍ ഏഴിനായിരുന്നു സംഭവം.
അയിനൂറിന് എട്ടു മണിക്കൂറും നിബിന് 13 മണിക്കൂറൂം സമയമെടുത്താണ് കൈകള്‍ തുന്നിച്ചേര്‍ത്തത്. രക്ത ധമനികളെ തമ്മില്‍ ചേര്‍ക്കുന്നതിന് സഹായിക്കുന്ന ‘ഓപറേറ്റിങ് മൈക്രോസ്‌കോപ്’ സംവിധാനം ഉപയോഗപ്പെടുത്തിയാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായത്. ഈ സംവിധാനം മെഡിക്കല്‍ കോളജില്‍ പുതിയതാണ്.

സ്വകാര്യ ആശുപത്രിയില്‍ നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായാണ് ഇവിടെ നടത്തിയത്. തുന്നിച്ചേര്‍ത്ത കൈകളുടെ പ്രവര്‍ത്തനം എണ്‍പത് ശതമാനത്തോളം പഴയ രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ഇരുവര്‍ക്കും എട്ട് ആഴ്ച കഴിഞ്ഞ് ഫിസിയോതെറാപ്പി ആരംഭിക്കും. സ്പര്‍ശന ശേഷി തിരികെ കിട്ടുന്നതിന് ഒന്നര വര്‍ഷം വേണ്ടിവരുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *