മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കാരക്കുറ്റി പിടിഎം ഹൈസ്കൂൾ റോഡിലൂടെ അപകടം സൃഷ്ടിച്ച് വലിയ സ്കൂൾ ബസുകളിൽ വിദ്യാർഥികളെ കയറ്റിപ്പോകുന്നതായി ആരോപിച്ച് നാട്ടുകാർ സ്കൂൾ ബസുകൾ തടഞ്ഞു.
സ്കൂളിന്റെ 3 ബസുകളാണ് ഇന്നലെ തടഞ്ഞിട്ടത്. കഴിഞ്ഞ ദിവസവും സമാന സംഭവം നടന്നു. വീതി കുറവായ റോഡിലൂടെ വലിയ സ്കൂൾ ബസുകൾ കുട്ടികളെയും കയറ്റി യാത്ര ചെയ്യുന്നത് അപകടം ഉണ്ടാക്കുമെന്നാണ് ആരോപണം. റോഡിന് വീതി കൂട്ടാൻ സ്കൂൾ മാനേജ്മെന്റ് നടപടി എടുക്കണമെന്നാണ് ആവശ്യം.ബസ് തടഞ്ഞിട്ടുള്ള പ്രതിഷേധത്തെ തുടർന്ന് എത്തിയ പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തി. അടുത്ത കാലത്ത് സ്കൂൾ ബസ് തട്ടി ഒരു വിദ്യാർഥി മരിക്കാനിടയായതോടെയാണ് ഒരു വിഭാഗം നാട്ടുകാർ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും ബസ് തടഞ്ഞത് മൂലം ഒട്ടെറെ വിദ്യാർഥികൾ ബുദ്ധിമുട്ടിലായി. ഇന്നലെയും 2 മണിക്കൂറോളം ബസുകൾ തടഞ്ഞിട്ടു. തുടർന്ന് വിദ്യാർഥികളെ വീടുകളിലേക്ക് മടക്കി അയക്കുകയായിരുന്നു. ബസ്സുകൾ തടഞ്ഞത് മൂലം 2 മണിക്കൂറോളം ബസ്സിലിരുന്നത് വിദ്യാർഥികളെ ദുരിതത്തിലാക്കി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും.
റോഡ്പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പഞ്ചായത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള കാരക്കുറ്റി പിടിഎം സ്കൂൾ റോഡ് സ്കൂൾ അധികൃതർക്ക് എങ്ങിനെ നന്നാക്കാനാവുമെന്ന് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജി.സുധീർ. ബസ് തടയുന്നത് വിദ്യാർഥികൾക്ക് ദുരിതമാകുന്നതായും വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതായും ജി.സുധീർ പറഞ്ഞു
.
സ്കൂളിനെ തകർക്കാൻ ശ്രമം: പിടിഎമുക്കം ∙പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുന്ന പിടിഎം ഹൈസ്കൂളിനെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് വിദ്യാർഥികളെ വലയ്ക്കുന്ന വിധത്തിലുള്ള ബസ് തടയലെന്ന് പിടിഎ കമ്മിറ്റി കുറ്റപ്പെടുത്തി. സ്കൂളിന് തൊട്ടടുത്തുള്ള മറ്റൊരു സ്ഥാപനത്തിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ കാണാതെ പോകുന്നത് വിചിത്രമാണെന്നും പിടിഎ.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കേണ്ടത് പഞ്ചായത്താണ്. പിടിഎ പ്രസിഡന്റ് എസ്.എ.നാസർ ആധ്യക്ഷ്യം വഹിച്ചു.പ്രിൻസിപ്പൽ എം.എസ്.ബിജു,പ്രധാനാധ്യാപകൻ ജി.സുധീർ,എസ്എംസി ചെയർമാൻ സി.പി.അസീസ് എന്നിവർ പ്രസംഗിച്ചു.