NADAMMELPOYIL NEWS
NOVEMBER 14/2022

ഇന്ന് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.

പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. നാം കുട്ടികള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും മാതൃകകളും പരിചരണവുമാണ് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുക.

സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഈ ഇടപെടല്‍ സഹായകമാകും. മലീമസമായ ഒരന്തരീക്ഷത്തില്‍ ഉണരുകയും ജീവിക്കുകയും ഉറങ്ങുകയും ചെയ്യുക എന്ന ഭീകരമായ അവസ്ഥാവിശേഷത്തെ തരണംചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകണം. ഒരുപോലെയാകാനും ഒരുമയിലാകാനും ഈ നവംബര്‍ 14 കുട്ടികള്‍ക്ക് വഴികാട്ടിയാകട്ടെ എന്ന് ആശംസിക്കുന്നു.
ഏവര്‍ക്കും ശിശു ദിനാശംസകള്‍…..

Leave a Reply

Your email address will not be published. Required fields are marked *