NADAMMELPOYIL NEWS
OCTOBER 19/2022

ന്യൂഡല്‍ഹി: 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ പാർട്ടിയെ നയിക്കും.
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയമുറപ്പിച്ചു.
7897 വോട്ടാണ് മല്ലികാർജുൻ ഖാർഗെ നേടിയത്.ശശി തരൂർ 1072 വോട്ടും നേടി. 416 വോട്ട് അസാധുവായി.തരൂർ തോറ്റെങ്കിലും തരൂരിന് അനുകൂലമായ തരങ്കമാണ് അലയടിക്കുന്നത്. 10 ശതമാനത്തിലധികം വോട്ടാണ് ശശി തരൂർ നേടിയത്. ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.
ശശി തരൂരിന് 1000 ത്തിലധികം വോട്ടു കിട്ടിയത് തരൂരിൻ്റെ വിജയമാണെന്ന് തരൂർ ക്യാമ്പ് പ്രതികരിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെയാണ് തരൂരിൻ്റെ പോരാട്ടം നടന്നത്. കേരളത്തിൽ നിന്നടക്കം നിരവധി ആളുകൾ തരൂരിന് അനുകൂലമായ പോസ്റ്ററുമായി രംഗത്തെത്തിയിരുന്നു.മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാര്‍ഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിര്‍ത്തിയിരുന്നു. ഇതിനിടെ വോട്ടല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

അധ്യക്ഷ പദവിയിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ. പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് തരൂർ പ്രസ്താവനയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.

കോൺഗ്രസിൽ തന്റെ റോൾ പുതിയ പ്രസിഡണ്ട് തീരുമാനിക്കുമെന്ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ കോൺഗ്രസ് അധ്യക്ഷൻ എന്റെ റോൾ തീരുമാനിക്കും. ഖാർഗെ-ജിയോട് ചോദിക്കൂ’ – എന്നായിരുന്നു രാഹുലിന്റെ മറുപടി.

‘കോൺഗ്രസ് പ്രസിഡണ്ടാണ് പാർട്ടിയിലെ ഏറ്റവും വലിയ അധികാര കേന്ദ്രം. എല്ലാ അംഗങ്ങളും പ്രസിഡണ്ടിന് റിപ്പോർട്ടു ചെയ്യണം. ഞാനും കോൺഗ്രസ് പ്രസിഡണ്ടിന് റിപ്പോർട്ടു ചെയ്യും.’ – രാഹുൽ മാധ്യമങ്ങളോട് പറഞ്ഞ.

Leave a Reply

Your email address will not be published. Required fields are marked *