NADAMMELPOYIL NEWS
OCTOBER 20/2022
കോഴിക്കോട്: ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ ചെയർമാനായി രൂപീകരിച്ച ഫൗണ്ടേഷനിൽ പാർട്ടി വിമത നേതാക്കളുടെ സാന്നിദ്ധ്യം മുസ്ലീംലീഗ് നേതൃത്വത്തെ കുഴപ്പിക്കുന്നു
കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്കുള്ളിൽ വിമത ശബ്ദമുയർത്തിയ യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കൂടിയായ മുഈൻ അലിയുടെ നീക്കം വലിയ വാർത്താ പ്രാധാന്യം നേടുകയും, നേതാക്കളിൽ കടുത്ത അസ്വാരസ്യത്തിന് ഇടയാക്കുകയും ചെയ്തെങ്കിലും, വിഷയത്തിൽ പ്രതികരണങ്ങളും നടപടികളുമൊന്നും തൽക്കാലം വേണ്ടെന്നാണ് പാർട്ടി അദ്ധ്യക്ഷൻ ഹൈദരലി തങ്ങളുടെ നിർദ്ദേശം. .
അതേ സമയം,സ്വന്തം പിതാവിന്റെ പേരിൽ ഫൗണ്ടേഷന് രൂപം നൽകിയ മുഈൻ അലിയുടെ നടപടിയെ തള്ളിപ്പറയാനാവില്ലെന്നാണ് ഡോ.എം.കെ. മുനീറിന്റെ പ്രതികരണം. എന്നാൽ, പാർട്ടി പുറത്താക്കുകയും ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തവരെ കൂട്ടുപിടിച്ചുള്ള ഫൗണ്ടേഷനാവുമ്പോൾ, പാർട്ടി നേതൃത്വം പരിശോധിക്കണം. അക്കാര്യത്തിൽ തീരുമാനം പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്റേതാണെന്നും മുനീർ കൂട്ടിച്ചേർത്തു.മുഈൻ അലിയെ മുനീർ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
വിമതരുടെ ലക്ഷ്യം കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രത്യക്ഷത്തിലും, പാർട്ടി നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ പരോക്ഷമായും രംഗത്തെത്തിയ വിമതർക്കും മുഈൻ അലിക്കും മുനീറടക്കമുള്ള ചില മുതിർന്ന നേതാക്കളുടെ ആശിർവാദമുണ്ടെന്നാണ് വിവരം. കുഞ്ഞാലിക്കുട്ടിയാണ് എല്ലാവരുടെയും ലക്ഷ്യം. വർഷങ്ങളായി ലീഗിനുള്ളിലെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വവും അദ്ദേഹം ഇടതുപക്ഷത്തോട് കാണിക്കുന്ന മൃദുസമീപനവും ലീഗ് നേതൃത്വത്തിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന ഫൗണ്ടേഷൻ രൂപീകരണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി , പാർട്ടിയുടെ ചില ഭാരവാഹിതൾ വരെ എത്തി. ഹരിത വിഷയത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്ക് പുറമെ, ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൾ ഖാദറും 13ഓളം ജില്ലാ ഭാരവാഹികളും പങ്കെടുത്തു. ജില്ലകൾ തോറും യോഗങ്ങൾ വിളിച്ച് വിമത ശബ്ദം ശക്തമാക്കാനാണ് ഫൗണ്ടേഷന്റെ നീക്കം. എറണാകുളത്ത് നടന്ന മുസ്ലീംലീഗ് പ്രവർത്തക സമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ, മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന പേരിൽ സഥാനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത കെ.എസ്.ഹംസയാണ് ഫൗണ്ടഷന്റെ ജനറൽ കൺവീനർ.