NADAMMELPOYIL NEWS
SEPTEMBER 29/2022
കോഴിക്കോട്: സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്.
സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പോലീസ് നിർദേശിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.
അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങളായതിനാലാണ് വെവ്വേറെ കേസെടുത്തത്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കും. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ചു. ഇതിലുള്ളയാൾ കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് വിവരം.
അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന് ഉള്‍പ്പെടെ കേസ് എടുത്തതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ ഏറിവരുന്നതും പോലീസിനെ കുഴക്കുന്നുണ്ട്.
ഇത്രയും വലിയ പരിപാടികള്‍ നടക്കുമ്പോള്‍ പോലും മാള്‍ അധികൃതര്‍ കാര്യമായ സുരക്ഷ നല്‍കുകയോ പോലീസിനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് വമര്ശനമുയരുന്നത്. മുന്‍പ് വൻ ജനകൂട്ടത്തെ കണ്ട് യുവ നടന് മാളിലെ പരിപാടി ഉപേക്ഷിച്ച് പോയ സംഭവവും ഉണ്ടായിരുന്നു.