NADAMMELPOYIL NEWS
SEPTEMBER 29/2022
കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണാ കോടതിയിലെ നിയമനടപടി അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. അതേസമയം ഒത്തുതീർപ്പ് സംബന്ധിച്ച കരാറിൽ കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല.
വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നും ചൂണ്ടിക്കാട്ടി ഡാൻസ് ബാർ നർത്തകി കൂടിയായ ബിഹാർ സ്വദേശിനി 2019ലാണ് മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായുള്ള പണം ആവശ്യപ്പെട്ടാണ് യുവതി പോലീസിൽ പരാതി നൽകിയത്.
തുടർന്ന് ബിനോയ് കോടിയേരിക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു ബിനോയ് ആദ്യഘട്ടത്തിൽ പറഞ്ഞത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതിന് പിന്നാലെയാണ് ഫലം പുറത്ത് വിടുന്നതിന് മുൻപ് തന്നെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം ആരംഭിച്ചത്.