NADAMMELPOYIL NEWS
SEPTEMBER 30/2022
കോഴിക്കോട് ഏറ്റവും കൂടുതൽപേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി രാജ്യത്ത് ഒന്നാമത്. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ് കോഴിക്കോടിന് ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)യിലൂടെ കൂടുതൽ രോഗികൾക്ക് കിടത്തിച്ചികിത്സ നൽകിയതിൽ ബഹുദൂരം മുന്നിലാണ് ഈ ആശുപത്രി. 2021 ഏപ്രിൽമുതൽ 2022 മാർച്ച്‌വരെ കാസ്‌പിലൂടെ 60,652 പേരാണ് കിടത്തിച്ചികിത്സ നേടിയത്. ഒപിയിൽ എത്തുന്നവർ ഉൾപ്പെടെ ശരാശരി 5000 രോഗികൾക്ക് മലബാറിന്റെ ഈ ആതുരാലയം ദിവസവും ചികിത്സ നൽകുന്നു. ഒരു വർഷം കുറഞ്ഞത് 18 ലക്ഷം രോഗികൾക്ക് ആതുരസേവനം നൽകുന്നു. മൂന്നരലക്ഷം പേർക്കാണ് എൻഎംസിഎച്ച്, മാതൃശിശുസംരക്ഷണ കേന്ദ്രം(ഐഎംസിഎച്ച്), ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചെസ്‌റ്റ് ഡിസീസസ് എന്നിവയിലൂടെ കഴിഞ്ഞവർഷം ചികിത്സ നൽകിയത്. 97.78 കോടി രൂപയുടെ കിടത്തിച്ചികിത്സ നൽകി. കാരുണ്യ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് പുറമേയാണിത്. സംസ്ഥാന സർക്കാരാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ ചികിത്സ ഉറപ്പാക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി, ക്യാൻസർ കെയർ സെന്റർ എന്നിവ ഉൾപ്പെടുന്ന എൻഎംസിഎച്ചിൽ 2021–-2022ൽ 49,406 പേർക്ക് 83.12 കോടി രൂപയുടെ സൗജന്യചികിത്സ കാസ്‌പിലൂടെ നൽകി. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ 10,062 രോഗികൾക്ക് 13.79 കോടിയുടെ ചികിത്സയും ചെസ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ 1,184 പേർക്ക് 87.03 ലക്ഷം രൂപയുടെ സൗജന്യസേവനവും ലഭ്യമാക്കി. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പദ്ധതിയിൽ കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകിയതും കോഴിക്കോട് മെഡിക്കൽ കോളേജാണ്. മലബാറിലുള്ളവർ വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണിത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർ എത്തുന്നു