കൊവിഡ് പകർച്ചവ്യാധിക്ക് മുൻപ് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യക്കാർ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓൺലൈൻ വാങ്ങലുകൾ വർദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇപ്പോൾ ഓൺലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട്.
ഇന്ത്യൻ കുടുംബങ്ങൾ ഫ്ളിപ്കാർട്ടിൽ നിന്നും ഏറ്റവും കൂടുതൽ വാങ്ങുന്നത് വീട്ടുപകരങ്ങൾ ആണെന്നാണ് റിപ്പോർട്ട്. വീട്ടുജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ആണ് ഏറ്റവും കൂടുതൽ ഓൺലൈൻ വഴി വിറ്റഴിക്കപ്പെടുന്നത് എന്നാണ് ഫ്ളിപ്കാർട്ടിന്റെ റിപ്പോർട്ട്. വാട്ടർ പ്യൂരിഫയറുകൾ, വാക്വം ക്ലീനർ, ജ്യൂസർ മിക്സർ, ഗ്രൈൻഡറുകൾ, മൈക്രോവേവ് തുടങ്ങിയ ചെറുകിട വീട്ടുപകരണങ്ങൾ ആണ് ഇന്ത്യക്കാർക്ക് പ്രിയം.
കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഈ കാലയളവിൽ ഇന്ത്യക്കാർ വീട്ടുപകരണങ്ങൾ വാങ്ങുന്നത് 25 ശതമാനം വർദ്ധിച്ചതായി ഫ്ലിപ്പ്കാർട്ട് പറയുന്നു. ജീവിതശൈലിയിലെ മാറ്റം അണുകുടുംബങ്ങളുടെ വർദ്ധനവ് എന്നിവ ഉണ്ടായതോടുകൂടി കുറഞ്ഞ സമയത്തിൽ ജോലികൾ വീട്ടു ജോലികൾ ചെയ്തു തീർക്കാൻ ആളുകൾ നിർബന്ധിരാകുന്നു. ഇങ്ങനെ ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ ആളുകൾ കൂടുതലായും ആശ്രയിക്കുന്നു.
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വില്പന ആരംഭിച്ചിട്ടുണ്ട്. വമ്പൻ വില കിഴിവാണ് ഈ ഇ കോമേഴ്‌സ് ഭീമൻ അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിലും ഇന്ത്യക്കാർക്ക് പ്രിയം വീട്ടുപകരണങ്ങൾ ആയിരിക്കും എന്നാണ് ഫ്ളിപ്കാർട്ടിന്റെ കണക്കുകൂട്ടൽ.
പഴയ ഉത്പന്നങ്ങൾ മാറ്റി പുതിയതിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ 82 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങൾ മൊത്തത്തിലുള്ള വിപണനത്തിന്റെ 50 ശതമാനത്തിലധികം വഹിക്കുന്നുണ്ട്. . ടയർ 3 നഗരങ്ങളായ എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവ 4 മടങ്ങ് വളർച്ച രേഖപ്പെടുത്തി,
ഇന്ന് ഉപഭോക്താക്കൾ അവരുടെ ജീവിതം സുഗമമാക്കുന്നതിനും കൂടുതൽ ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി വിവിധ വീട്ടുപകരണങ്ങൾ വാങ്ങുന്നു എന്ന് ഫ്ലിപ്പ്കാർട്ടിലെ വൈസ് പ്രസിഡന്റ് ഹരി കുമാർ പറഞ്ഞു. ഗൃഹോപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 27-ലധികം പുതിയ ബ്രാൻഡുകൾ ഫ്ളിപ്കാർട്ടിന് കീഴിൽ അണിനിരത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു.
റോബോട്ടിക് വാക്വം ക്ലീനർ, ടച്ച് മിക്‌സർ ഗ്രൈൻഡറുകൾ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യ അധിഷ്‌ഠിതമായ വീട്ടുപകരണങ്ങളും ഫ്ളിപ്കാർട്ട് ലഭ്യമാക്കും.