അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലും വിയറ്റ്നാമിലും വെച്ച് അവരുടെ ഐഫോണടക്കമുള്ള ചില ഡിവൈസുകളുടെ അസംബ്ലിങ് ആരംഭിച്ചത്. ചൈനയെ ആശ്രയിക്കുന്നത് പതിയെ കുറച്ചു വരികയായിരുന്നു കമ്പനി. എന്നാൽ, ഈ രണ്ട് രാജ്യങ്ങളെയും തങ്ങളുടെ പ്രധാന ആഗോള ഉൽപാദന കേന്ദ്രങ്ങളാക്കാൻ ക്യൂപെർട്ടിനോ-ഭീമൻ തയ്യാറെടുക്കുകയാണെന്നാണ് ജെപി മോർഗനിലെ വിശകലന വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
പ്രാരംഭ ഘട്ടമെന്ന നിലക്ക്, ഈ വർഷം തന്നെ ഐഫോൺ 14 ന്റെ 5% നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2025 ഓടെ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, 2025-ഓടെ ഐപാഡ്, ആപ്പിൾ വാച്ച് പ്രൊഡക്ഷനുകളുടെ 20%, മാക്ബുക്കിന്റെ 5%, എയർപോഡുകളുടെ 65% എന്നിവ വിയറ്റ്നാം സംഭാവന ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തൊഴിലിടങ്ങളിൽ ചൈന ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും അവിടെ നിലനിൽക്കുന്ന കോവിഡ് സാഹചര്യങ്ങളുമൊക്കെയാണ് ആപ്പിളിനെ ചൈന വിടാൻ പ്രേരിപ്പിക്കുന്നതത്രേ. ആപ്പിൾ ഐഫോൺ ഉത്പാദനത്തിനായി ആശ്രയിക്കുന്നത് തായ്‌വാനീസ് ടെക്‌നോളജിയാണ്. ചൈനയും തായ്‍വാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഉത്പാദനത്തെ ബാധിക്കുമെന്ന ഭയവും ആപ്പിളിനുണ്ട്.
എന്നാൽ, ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള വരവ്, ഐഫോണുകളുടെ വിലയിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷയാണ് സ്മാർട്ട് ഫോൺ പ്രേമികൾക്കുള്ളത്. നിലവിൽ ഐഫോൺ 14 പ്രോ സീരീസിന് ഒന്നര ലക്ഷം രൂപയോളം മുടക്കേണ്ട അവസ്ഥയാണ് ഇന്ത്യക്കാർക്കുള്ളത്. ജി.എസ്.ടിയും ഇംപോർട്ട് ഡ്യൂട്ടിയും മറ്റ് ചാർജുകളുമൊക്കെയായി ഐഫോൺ കാരണം പോക്കറ്റ് കീറിപ്പോകുന്ന സാഹചര്യം ഒരുപക്ഷെ ഈ നീക്കത്തിലൂടെ അവസാനിച്ചേക്കും.
ആപ്പിൾ കൂടാതെ, ഗൂഗിളും ഇന്ത്യയിൽ അവരുടെ പിക്സൽ ഫോണുകൾ നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്. ചൈനയിലെ പ്രതിസന്ധികൾ തന്നെയാണ് അവരെയും ഇന്ത്യയിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്