NADAMMELPOYIL NEWS
SEPTEMBER 22/2022
നിരവധി കെഎസ്ആർടിസി ജീവനക്കാരോടു യാത്രക്കാരും മറ്റു നാട്ടുകാരുമൊക്കെ പലകുറി ആത്മഗതമായും അല്ലാതെയും പറഞ്ഞിട്ടുള്ളതാണ് ‘വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തത്’, ‘ഇവരെപ്പോലെയുള്ളവരാണ് കെഎസ്ആർടിസിയെ നശിപ്പിക്കുന്നത്’ എന്നൊക്കെ. കഴിഞ്ഞദിവസം ആ പരാമർശം ആവർത്തിച്ച ഒരാളെയാണ് നിലവിളിക്കുന്ന മകളുടെയും കൂട്ടുകാരിയുടെയും മുന്നിലിട്ട് ജീവനക്കാർ ക്രൂരമായി മർദിച്ചത്. നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും അഞ്ചുപേർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയും ഇടപെട്ടിട്ടുണ്ട്.
45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്കു നിർദേശം നൽകിയെന്നു ഗതാഗതമന്ത്രിയും പറഞ്ഞു. ക്രൂരമർദനത്തിന്റെ വീഡിയോ ദൃശ്യം ആരെയും വേദനിപ്പിക്കും. ഈ പട്ടാപ്പകൽ തോന്ന്യാസത്തിനെതിരേ കർശന നടപടിയുണ്ടാകണം. വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തതെന്ന് ഇക്കാര്യത്തിലെങ്കിലും പറയിക്കാനിടയാക്കരുത്.
മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന ആമച്ചൽ സ്വദേശി പ്രേമനനെയാണ് തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലിട്ടു മർദിക്കുകയും വലിച്ചിഴയ്ക്കുകയും തടഞ്ഞുവയ്ക്കുകയുമൊക്കെ ചെയ്തത്. സുരക്ഷാ ജീവനക്കാരൻ തന്നെയും മർദിച്ചെന്ന് മകൾ രേഷ്മയും പറഞ്ഞു.
മൂന്നു മാസം മുന്പ് എടുത്ത കൺസഷൻ കാർഡ് പുതുക്കാൻ കോഴ്സ് കണ്ടിന്യൂയിംഗ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ നിർബന്ധം പിടിച്ചതാണ് തുടക്കം. അതിന്റെ ആവശ്യമില്ലല്ലോയെന്നും വേണമെങ്കിൽ അടുത്ത ദിവസം കൊണ്ടുവരാമെന്നും രേഷ്മ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തുടർന്നാണ് “വെറുതെയല്ല കെഎസ്ആർടിസി രക്ഷപ്പെടാത്തത്” എന്നു തുടങ്ങിയുള്ള പരാമർശമുണ്ടായത്. ആദ്യം ഭീഷണിസ്വരത്തിൽ സംസാരിച്ച ജീവനക്കാർ പിന്നീട് സാമൂഹികവിരുദ്ധരുടെ ശൈലിയിലേക്കു മാറി. പ്രേമനനെ വലിച്ചിഴയ്ക്കുകയും മർദിക്കുകയും മുറിയിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വീണ്ടും അകത്തേക്കു തള്ളിയിടുകയുമായിരുന്നു. അലമുറയിട്ടു നിലവിളിക്കുന്ന മകളുടെ മുന്നിലിട്ട് ഒരച്ഛനെ വളഞ്ഞിട്ടു തല്ലാൻ ഈ സർക്കാർ ജീവനക്കാർക്ക് ധൈര്യമുണ്ടായത് യൂണിയന്റെ പിൻബലമുണ്ടെന്ന അഹങ്കാരമല്ലാതെ മറ്റെന്താണ്? മക്കളുടെ മുന്നിലിട്ടു തല്ലരുതേയെന്ന് ഒരാൾ പറയുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. പക്ഷേ, അക്രമികൾക്ക് അതൊന്നും തടസമായില്ല.
അച്ഛനെ മുറിയിലിട്ടു മർദിക്കുന്നതു കണ്ട മകളും കൂട്ടുകാരിയും അടുത്തുള്ള സ്റ്റേഷനിലേക്ക് ഓടിയെത്തി പോലീസിനെ വിളിച്ചുകൊണ്ടുവന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അച്ഛനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ച ശേഷമാണ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയായ ആ പെൺകുട്ടി പരീക്ഷയെഴുതാൻ പോയത്. എത്ര വേദനാജനകമാണിത്?
ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും യൂണിയനിൽപ്പെട്ടവരാണ് യാത്രക്കാർ നോക്കിനിൽക്കെ അഴിഞ്ഞാടിയത്. ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണസമയത്ത് ഭയന്നു നിൽക്കുന്നതുപോലെ പൊതുജനം കാഴ്ചക്കാരാവുകയും ചെയ്തു. അല്ലെങ്കിൽത്തന്നെ പാർട്ടിക്കാർക്കെതിരേ, പ്രത്യേകിച്ച് ഭരണകക്ഷിയുടെ പ്രവർത്തകർക്കെതിരേ പ്രതികരിക്കാൻ ആരെങ്കിലും തയാറാകുമോ? കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരനെ പാർട്ടി ഗുണ്ടകൾ ചവിട്ടിമെതിക്കുന്നതും തുടർന്നുള്ള പാർട്ടി ഇടപെടലും കണ്ട ആരെങ്കിലും ആവശ്യമില്ലാത്ത പണിക്കു പോകുമോ? ഡിവൈഎഫ്ഐക്കാരായ ആ പ്രതികൾക്കെതിരേ പേരിനെന്തോ നടപടിയെടുത്ത പോലീസിനെപ്പോലും വിരട്ടിക്കളഞ്ഞ പാർട്ടി നേതാക്കളുടെ നാട്ടിൽ ഇതല്ല, ഇതിലപ്പുറവും നടക്കും. മെഡിക്കൽ കോളജിലെ അക്രമം നിർഭാഗ്യകരമാണെങ്കിലും പോലീസ് പ്രതികളോടു നീതി കാട്ടിയില്ലെന്നായിരുന്നു അവരുടെ സങ്കടം, അഥവാ ഭീഷണി.
കെഎസ്ആർടിസി ഗുണ്ടായിസത്തിലും കോഴിക്കോട് ആവർത്തിക്കുമോയെന്നാണ് അറിയാനുള്ളത്. ജീവനക്കാരോടു യാത്രക്കാർ തർക്കിച്ചാലും രോഷാകുലരായാലും അതിനു നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളുണ്ട്. അതിനുപകരം, തങ്ങൾതന്നെ വിചാരണയും ശിക്ഷയും നടപ്പാക്കുമെന്ന് ആരു തീരുമാനിച്ചാലും അതനുവദിക്കാനാവില്ല. പാർട്ടിക്കാർക്കും പോഷകസംഘടനകൾക്കും യൂണിയനുകൾക്കുമൊക്കെ തീറെഴുതിക്കൊടുത്തതിന്റെ തിക്തഫലം കെഎസ്ആർടിസി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളും കേരളസമൂഹവും കുറച്ചൊന്നുമല്ല അനുഭവിച്ചിട്ടുള്ളത്. പ്രേമനനെ മർദിച്ച ഒരാളെയും വെറുതെ വിടരുത് എന്നതു കേരളത്തിന്റെ വികാരമാണ്. കെഎസ്ആർടിസിയെ പടുത്തുയർത്തിയത്് മുണ്ടുമുറുക്കിയുടുത്തും നികുതിയടയ്ക്കുന്ന ഇവിടത്തെ ജനങ്ങളാണ്.
മാന്യമായി പണിയെടുക്കുന്ന ജീവനക്കാർക്കും ചീത്തപ്പേരുണ്ടാക്കുന്ന ഇവർക്കൊക്കെ ശന്പളം കൊടുക്കുന്നതും ആ നികുതിപ്പണത്തിൽനിന്നെടുത്താണ്; കെഎസ്ആർടിസിയുടെ ലാഭത്തിൽനിന്നെടുത്തല്ല. ആ നികുതിദായകരിലൊരാളാണ് തല്ലുകൊണ്ട് ആശുപത്രിയിൽ കിടക്കുന്നത്. സർക്കാർ എന്തു നടപടിയെടക്കുമെന്നത് കേരളം ഉറ്റുനോക്കുന്നുണ്ട്, മറക്കരുത്. അല്ലെങ്കിൽ തുടക്കത്തിൽ പറഞ്ഞ ആത്മഗതങ്ങൾ കേരളം ഉച്ചത്തിൽ പറയേണ്ടിവരും.