NADAMMELPOYIL NEWS
SEPTEMBER 22/2022
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ സംഭവം ജീവനക്കാരുടെ ഭാഗത്തെ വീഴ്ചയാണെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകൻ മുഖേന ഇന്നലെ അദ്ദേഹത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മകളുടെയും കൂട്ടുകാരിയുടെയും മുന്നിൽ വച്ച് പിതാവിനെ മർദിച്ചത് ജീവനക്കാരുടെ തെറ്റുതന്നെയാണ് എന്ന് കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രാധാകൃഷ്ണൻ പറഞ്ഞു.
പിതാവിനെ മകളുടെ മുന്നിലിട്ട് മർദിച്ചതിന് നേതൃത്വം നല്കിയത് സ്റ്റേഷൻ മാസ്റ്ററും എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു )നേതാവുമായ മുഹമ്മദ് ഷെറീഫ്, അസോസിയേഷൻ പ്രവർത്തകരായ സുരേഷ്, അനിൽകുമാർ , മുൻ ഐഎൻടിയുസി നേതാവ് മിലൻ എന്നിവരാണെന്നും ഇവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കാട്ടാക്കടയിൽ തങ്ങി അദ്ദേഹം തെളിവെടുപ്പ് തുടരുകയാണ്.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കേസുകൾ ഇന്നും നാളെയുമായി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം. ജീവനക്കാർക്ക് ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്ന ഹർജി ഇന്നും പന്ത്രണ്ട് മണിക്കൂർ സ്പ്രെസ്ഓവർ സിംഗിൾ ഡ്യൂട്ടി കേസ് വെള്ളിയാഴ്ചയും പരിഗണിക്കാനിരിക്കെയാണ് സംഭവം.
ഇത് കേസുകളെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. ശമ്പളം കൃത്യമായി കിട്ടാത്ത വിഭാഗം എന്ന നിലയിൽ കെഎസ്ആർടിസി ജീവനക്കാരോട് പൊതു സമൂഹം പ്രകടിപ്പിച്ചിരുന്ന അനുഭാവവും സഹതാപവും ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടതിൽ ഖിന്നരാണ് ജീവനക്കാർ.
കാട്ടാക്കട ആക്രമണത്തിന് നേതൃത്വം നല്കിയവർ സിഐടിയു യൂണിയനിൽപ്പെട്ടവരായതിനാൽ ഇവരെ സംരക്ഷിക്കാൻ സിപിഎം രംഗത്തുണ്ടാകുമെന്ന ആശങ്കയും ജീവനക്കാർ പങ്കുവച്ചു