NADAMMELPOYIL NEWS
SEPTEMBER 22/2022
ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിലെ പൂർവ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബിലെ ലൗലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥി അഗിൻ എസ്. ദിലീപ് കോഴിക്കോട് എൻ.ഐ.ടിയിലെ കോഴ്സ് നിർത്തിയ പൂർവ വിദ്യാർഥിയാണ്.
2018ലാണ് എൻ.ഐ.ടിയിൽ ബി.ടെക്കിന് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) പ്രവേശനം നേടിയത്. 2018ൽ പ്രവേശനം നേടിയ വിദ്യാർഥികൾ പിന്തുടരേണ്ടത് 2017ലെ ബി.ടെക് റെഗുലേഷനാണ്. വിദ്യാർഥിക്ക് ഒന്നാം വർഷത്തിന്റെ അവസാനം മിനിമം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ സാധിച്ചില്ല. 2020-21 അവസാനത്തിലും ഒന്നാംവർഷ വിഷയങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. കൂടാതെ, രണ്ടാംവർഷ വിഷയങ്ങളിൽനിന്ന് മിനിമം 24 ക്രെഡിറ്റുകൾ ഉണ്ടായിരുന്നുമില്ല. അതിനാൽ ഒന്നും രണ്ടും വർഷങ്ങളിൽ പരാജയപ്പെട്ട എല്ലാ വിഷയങ്ങളും ക്ലിയർ ചെയ്യാൻ 2021-22ൽ വീണ്ടും അവസരം നൽകി. നാലു വർഷത്തെ പഠനത്തിനുശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ, ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാൻ അർഹത നഷ്ടപ്പെടുകയായിരുന്നുവെന്ന് എൻ.ഐ.ടി അധികൃതർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.