ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സാറ്റ്‌കോം (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്) വിഭാഗമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് (ജെഎസ്‌സിഎൽ) സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാൻ അനുമതി ലഭിച്ചു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ജിയോയ്ക്ക് ടെലികോം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) ലഭിച്ചതായാണ് റിപ്പോർട്ട്.

ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ് സർവീസസ് (ജിഎംപിസിഎസ്) ലൈസൻസിനായി കമ്പനി ഈ വർഷം ആദ്യമാണ് അപേക്ഷിച്ചത്. ഭാരതി ഗ്രൂപ്പിന് കീഴിലുള്ള വൺവെബ് ഇതിനകം തന്നെ ഈ ലൈസൻസ് നേടിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ജെഎസ്‌സിഎലിന് അനുമതി നൽകിയതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഉപഗ്രഹങ്ങൾ വഴി ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലൈസൻസ് ലഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ജെഎസ്‌സിഎൽ. മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്തും ബ്രോഡ്ബാന്‍ഡ് മേഖലയിലും വ്യക്തമായ ഇടപെടലുകള്‍ നടത്തി ശ്രദ്ധനേടിയ റിലയന്‍സ് ജിയോ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തും ശക്തമായ മുന്നേറ്റം നടത്താനാണ് ലക്ഷ്യമിടുന്നത്.

ഇലോണ്‍ മസ്‌കിന്റെ കമ്പനി സ്റ്റാര്‍ലിങ്ക്, ആമസോണിന്റെ പ്രജക്ട് കുയിപ്പര്‍, ടാറ്റ ഗ്രൂപ്പും കനേഡിയന്‍ കമ്പനിയായ ടെലിസാറ്റും ചേര്‍ന്ന് നടത്തുന്ന ടാറ്റാ-ടെലിസാറ്റ് എന്നിവയാണ് ഇതുവരെ ഇന്ത്യന്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളാകാന്‍ രംഗത്തെത്തിയിരിക്കുന്ന മറ്റു കമ്പനികള്‍. പുതിയ തലമുറ ഇന്റര്‍നെറ്റ് വിതരണ രീതിയാണ് സാറ്റലൈറ്റ് വഴി ബ്രോഡ്ബാന്‍ഡ് എത്തിക്കുന്ന ജിഎംപിസിഎസ് സേവനം. സാറ്റലൈറ്റുകളില്‍ നിന്ന് ഡിഷും റിസീവറും ഉപയോഗിച്ച് വീടുകളിലേക്കും ഓഫിസുകളിലേക്കും മറ്റും ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനു പ്രചാരം ലഭിച്ചാല്‍ കേബിളുകളും മറ്റും കുഴിച്ചിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന രീതിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. 

ജിഎംപിസിഎസ് മേഖലയിലേക്ക് ജിയോ എത്തുമെന്ന പ്രചാരം നിലനിന്നിരുന്നു എങ്കിലും അതിന് ഔദ്യോഗിക സ്ഥരീകരണം ലഭിക്കുന്ന ആദ്യ റിപ്പോർട്ട് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. സമീപകാലത്തായി സാറ്റലൈറ്റ് സ്‌പെക്ട്രം വിഭജനത്തിന്റെ കാര്യത്തലായാലും, സാറ്റലൈറ്റ് ഗെയ്റ്റ്‌വേയുടെ കാര്യത്തിലായാലും, എയര്‍വേവ് ബാന്‍ഡ്‌സിന്റെ കാര്യത്തിലായാലും ജിയോ അവരുടെ ശക്തമായ വാദഗതികള്‍ ഉയര്‍ത്തിയിരുന്നു. എന്തായാലും സമ്പൂര്‍ണ സാറ്റലൈറ്റ് സര്‍വീസിന് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഇതേക്കുറിച്ചു നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്ക് അവസാനവുമായി. 

തുടക്കത്തില്‍ ജിയോ ജിഎംപിസിഎസ് രംഗത്ത് സേവനങ്ങള്‍ നല്‍കുക വിമാന സര്‍വീസ് മേഖലയിലുള്ളവര്‍ക്കും സമുദ്ര സഞ്ചാര മേഖലയിലുളളവര്‍ക്കും മറ്റുമാകാം. ഗ്രാമീണ മേഖലയിലെ സേവനദാതാക്കള്‍ക്ക് ഇന്റര്‍നെറ്റ് മറിച്ചുവില്‍ക്കാനും ജിയോ തയാറായേക്കുമെന്ന് കരുതുന്നു. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് തുടക്കത്തിലെങ്കിലും ബ്രോഡ്ബാന്‍ഡ് സ്പീഡ് കുറവുള്ള ഗ്രാമീണ മേഖലയിലായിരിക്കും കൂടുതലായി ശ്രദ്ധിക്കുക. എന്തായാലും കമ്പനിയുടെ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളോട് ഒന്നും പറയാന്‍ ജിയോ തയാറായിട്ടില്ല.

മറ്റു കമ്പനികള്‍ വരുന്നതിനു മുൻപ് അവതരിപ്പിച്ചതാണ് മസ്‌കിന്റെ സ്‌പേസ്എക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്ക്. എന്നാല്‍ കമ്പനിയുടെ തുടക്കം പല രീതിയിലും പിഴയ്ക്കുകയായിരുന്നു. അവര്‍ 2022ല്‍ ഇന്ത്യയിൽ സേവനം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. എന്നാല്‍, ലൈസന്‍സ് ലഭിക്കാതെ പ്രീ-ബുക്കിങ് സ്വീകരിച്ച കമ്പനിക്കെതിരെ ടെലികമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യാ മേധാവി സഞ്ജയ് ഭാര്‍ഗവ രാജിവയ്ക്കുകയും ചെയ്തു.

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയിൽ എന്തു ചെയ്യാമെന്നതിനെക്കുറിച്ച് സശ്രദ്ധം വീക്ഷിക്കുന്ന മറ്റൊരു കമ്പനി ആഗോള ഇകൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ആണ്. തങ്ങളുടെ പ്രൊജക്ട് കുയിപ്പര്‍ പദ്ധതിയുമായാണ് അവര്‍ ഇന്ത്യയില്‍ എത്തുക. മറ്റൊരു കമ്പനി ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെല്‍കോ ആണ്. കനേഡിയന്‍ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച്, അവര്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ എത്തുക 2024ല്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് ലൈറ്റ്‌സ്പീഡ് എന്ന പേരിലായിരിക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നല്‍കുക.

സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ ആഗോള തലത്തിലെ ഏറ്റവും വലിയ വിപണികളിലൊന്ന് ഇന്ത്യയാണ്. ഇവിടെ അടുത്ത വര്‍ഷങ്ങളില്‍ തന്നെ പ്രതിവര്‍ഷം 100 കോടി ഡോളറിന്റെ ഇന്റര്‍നെറ്റ് വില്‍ക്കാനാകുമെന്നാണ് പറയുന്നത്. എന്നാല്‍, 2025ല്‍ തന്നെ വിപണി പ്രതിവര്‍ഷം 470 കോടി ഡോളറിലെത്തുമെന്ന് യേണസ്റ്റ് ആന്‍ഡ് യങ് വിലയിരുത്തുന്നു. ഗ്രാമീണ ഇന്ത്യയുടെ 75 ശതമാനം പ്രദേശത്തും ഇന്റര്‍നെറ്റ് ഇതുവരെ എത്തിയിട്ടില്ല. മൊബൈല്‍ ഇന്റര്‍നെറ്റും ബ്രോഡ്ബാന്‍ഡും എത്താത്ത ഈ മേഖല തന്നെയാണ് മിക്ക കമ്പനികളുടെ ലക്ഷ്യം. കൃത്യമായ തന്ത്രങ്ങളുമായി തന്നെ ജിയോ ഈ മേഖലയിലും ആധിപത്യം സ്ഥാപിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിലൊന്നാണ് ലേലം വഴി വിവിധ കമ്പനികള്‍ക്കായി സ്‌പെക്ട്രം നല്‍കണമെന്നുള്ള ജിയോയുടെ വാദം. ഇങ്ങനെ വന്നാല്‍ അതില്‍ പങ്കെടുക്കാന്‍ ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ക്ക് സാധിച്ചേക്കില്ല. മറ്റു രാജ്യങ്ങളില്‍ നടക്കുന്നതു പോലെ അധികാരികള്‍ വിവിധ കമ്പനികള്‍ക്ക് സാറ്റലൈറ്റ് സ്‌പെക്ട്രം വീതിച്ചു നല്‍കണമെന്നാണ് ആമസോണും മറ്റും വാദിക്കുന്നത്. എന്തായാലും ജിയോ കളത്തിലിറങ്ങിയതോടെ ഈ മേഖലയിലും മത്സരം ചൂടുപിടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *