ഇ-ചാറ്റ് (കഥ)
ശ്രീകല വളരെ മോട്ടിവേഷനുള്ള ഒരു പെൺകുട്ടിയായിരുന്നു. നല്ല അടക്കവും, ഒതുക്കവും, പക്വതയുമുള്ള അവൾ സ്കൂളിലെ എല്ലാവിധ പ്രോഗ്രാമുകളിലും എന്നും മുന്നിൽ ഉള്ളവളായിരുന്നു. കുറച്ചു ദിവസമായി അവൾ വളരെ മൂകയായി കാണപെട്ടതുകണ്ടപ്പോൾ ജാനകി ടീച്ചർക്കൊരു സംശയം തോന്നി അവളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു.”മോള് പറയൂ…നിനക്കിതെന്തുപറ്റി.? എല്ലാ വിധത്തിലും നീ ഒരു മാതൃകാവിദ്യാർത്ഥിയാണ് പക്ഷെ നിന്നിലെ ഒരുമാറ്റം ഞാൻ ശ്രദ്ധിക്കുന്നു എന്താണ് നിനക്ക് സംഭവിച്ചത്.?” അവൾ താഴേക്ക് നോക്കി നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.!
ചില കുട്ടികൾ അങ്ങിനെയാണ് കൗൺസലിംഗ് ചെയ്യുന്ന ആളുടെ മുന്നിൽ പോലും ആദ്യമൊന്നും വാ തുറക്കില്ല അവരുടെ മനശാസ്ത്രം മനസിലാക്കുക വിഷമകരവുമാവും.! പിന്നെ അവരെ രക്ഷപെടുത്താൻ ഒരു ‘സി ഐ ഡി’ യുടെ റോളെടുത്തുകൊണ്ട് അവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലേണ്ടി വന്ന അനുഭങ്ങൾ ഒരു പാട് ഉണ്ടായിട്ടുള്ള ടീച്ചർ പേടിയോടെ ഓർത്തു. ഈ കുട്ടി വല്ല ട്രാപ്പിലും പെട്ടുകാണുമോ..? ഇങ്ങനെയുള്ളവർ എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി നീറി നീറി അവസാനം വിഷാദ രോഗത്തിലോ ആത്മഹത്യയിലോ ചെന്നെത്തും..!
”പറയൂ വീട്ടിൽ എന്തെങ്കിലും പ്രശ്നം.? അച്ഛൻ അമ്മ അവർ തമ്മിൽ വഴക്കു കൂടാറുണ്ടോ.?” മൗനം തന്നെയായിരുന്നു മറുപടി.! അവൾ എന്തോ കഠിനമായ ആലോചനയിൽ ആണെന്ന് ടീച്ചർക്ക് മനസ്സിലായി. ”മോളോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയോ..?അതിനും മൗനം തന്നെ പ്രതികരണം ഇല്ലെങ്കിലും ടീച്ചർ ഒന്നുകൂടി ചോദിച്ചു. ”വല്ലവരും പ്രേമം ആണെന്നോ മറ്റോ പറഞ്ഞു ശല്യം ചെയ്‌യുന്നുണ്ടോ അതോ ആരെങ്കിലും മോളെ ഉപദ്രവിച്ചുവോ..?” അവളിൽ നിന്നും മറുപടിയൊന്നും കിട്ടാൻ വഴിയില്ല എന്നുമനസ്സിലായപ്പോൾ ടീച്ചർ അവളോട് ക്‌ളാസിൽ പൊക്കോളാൻ പറഞ്ഞു കൊണ്ട് മെല്ലെ എഴുനേറ്റ് ഹെഡ്‌മിസ്സിനോട് അനുവാദം വാങ്ങി തന്റെ വണ്ടിയും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി.
ഒരു സുപ്രഭാതത്തിൽ എല്ലാ ആക്റ്റിവിറ്റികളിൽ നിന്നും മാറി അവൾ ഒരു മൂലയിലേക്കൊതുങ്ങാൻ പാകത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയുള്ള ഒരു കുട്ടിയാണ് അത് തകരാൻ പാടില്ല.എന്തായാലും കണ്ടുപിടിക്കുകതന്നെ എന്നവർ ഉറപ്പിച്ചുകൊണ്ടു നേരെ ശ്രീകലയുടെ അച്ഛൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിലേക്കുപോയി. വണ്ടിയിൽ എണ്ണ അടിച്ചുതരുന്നതിനിടയിൽ ടീച്ചർ ഒന്നും അറിയാത്തപോലെ ചോദിച്ചു അയാളോട് ചോദിച്ചു. ”ശ്രീകല സ്കൂളിൽ പോയില്ലേ ഇന്ന്”. ”ഉവ്വല്ലോ..! ടീച്ചർ കണ്ടില്ലേ ?” അയാൾക്ക് വേവലാതി ഉണ്ടാവാതിരിയ്ക്കാനായി അവർ മനപൂർവം ഒരു കള്ളം പറഞ്ഞു.
“ആ.. ഞാൻ സ്കൂളിൽ എത്തിയില്ല അല്ല അവളിപ്പോൾ ട്യൂഷന് പോകാറില്ലേ”. “ഉവ്വ് പത്താംക്‌ളാസ് അല്ലെ..! കണക്കിൽ ചില സംശയങ്ങൾ ഉണ്ട്ന്നു പറഞ്ഞപ്പോൾ ട്യൂഷനായി രാധാമണി ടീച്ചറുടെ അടുത്ത് പോവുന്നുണ്ട്..! അന്നന്നത്തെ സംശയങ്ങൾ എല്ലാം തീർത്തുപോകുന്നതാ നല്ലതു എന്ന് ടീച്ചർ തന്നെയല്ലേ പറഞ്ഞത് അതുകൊണ്ടു രാവിലെ ആറുമണിക്ക് വീട്ടിൽ നിന്നും പോകും.. ട്യൂഷൻ കഴിഞ്ഞു നേരെ ഇങ്ങോട്ടു വരും ഞാനാ അവൾക്കുള്ള പ്രാതൽ സ്കൂളിൽ കൊണ്ടുപോയി കൊടുക്കുന്നത് ദാ ഒരുമണിക്കൂർ മുന്നേ കൊടുത്തിട്ടു വന്നേ ഉള്ളൂ.”
”ഓ ഞാൻ കണ്ടില്ല ആട്ടെ അവൾ എത്ര മണിവരെ പഠിക്കാറുണ്ട് ”. ”ന്റെ ടീച്ചറേ ഞാൻ ഇവിടെ രാവിലെ എട്ടു മണിമുതൽ രാത്രി എട്ടുമണിവരെ നിന്ന് ഈ എണ്ണയും അടിച്ചുകൊടുത്തു ക്ഷീണിച്ചാവും പോവുക..! പോയതും ഭക്ഷണം കഴിച്ചു കിടന്നുറങ്ങും രാവിലെ എണീറ്റ് വീണ്ടും അതേ പ്രാക്ടീസ് അല്ലേ അവളുടെ അമ്മയോട് ചോദിക്കണം”. അത്രയും പറഞ്ഞയാൾ നിഷ്കളങ്കമായി ഒന്ന് ചിരിച്ചുകൊണ്ട് അടുത്ത വണ്ടിയിൽ എണ്ണ നിറക്കാൻ തുടങ്ങി. ജാനകിടീച്ചർ ഒരു കാര്യം ഉറപ്പിച്ചു ശ്രീകലയുടെ മുകളിൽ അച്ഛന്റെ ശ്രദ്ധ ശൂന്യമാന് ഇനി അമ്മയെ കൂടി കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടു വണ്ടിയും എടുത്തു നേരെ പമ്പിൽ നിന്നും ഇറങ്ങി. ഒരു പാടത്തുള്ള വലിയൊരുകുളം വൃത്തിയാക്കികൊണ്ടിരുന്ന തൊഴിലുറപ്പു ജോലിക്കാരുടെ ഇടയിൽ നിന്നു ശ്രീകലയുടെ അമ്മയെ മെല്ലെ വിളിച്ചപ്പോഴേക്കും അവർ വെപ്രാളപ്പെട്ട് അങ്ങോട്ട് ഓടി വന്നു. പതിവില്ലാതെ ടീച്ചർ വന്നതു കണ്ടപ്പോൾ ‘വാർത്ത’ അറിയാനായി കൂടെ കുറച്ചു പേരും കൂടി അങ്ങോട്ട് വരുന്നത് കണ്ടു ടീച്ചർ ചെറിയ ഒരു ബുദ്ധി പ്രയോഗിച്ചു.!
”അയ്യോ പേടിക്കണ്ട…! ഒന്നും ഇല്ല ശ്രീകല നല്ലോണം പഠിക്കുന്ന കുട്ടിയല്ലേ മാത്രല്ല പോരാത്തതിന് പത്താംക്‌ളാസും അവൾക്കൊരു രണ്ടു സബ്ജറ്റിൽ കൂടി ഒരു ട്യൂഷൻ ഏർപ്പാടാക്കുന്ന കാര്യം പറയാൻ വന്നതാ നിങ്ങളൊക്കെ പൊക്കോളൂ..പണി നടക്കട്ടെ..!” .”ഹോ ടീച്ചർ വന്നത് കണ്ടപ്പോൾ എന്റെ പാതി ജീവനങ് പോയി ട്ടാ അല്ല എവിടെയാ ്യൂഷൻ ഇപ്പോൾ അവൾ കണക്ക് പഠിയ്ക്കാൻ അതിരാവിലെ പോകുന്നുണ്ട്”. ആ വീട്ടിൽ പുരുഷൻമാരുണ്ടോ…?” ഇല്ല ടീച്ചറുടെ ഭർത്തവ് വിദേശത്തല്ലേ അവരുടെ മകൻ ചെറുപയ്യനല്ലേ..?” അവരെല്ലാം തിരിച്ചു കുളത്തിലേക്ക് തന്നെ പോകും വരെ ടീച്ചർ അവരെ അവഗണിച്ചുകൊണ്ട് ഇല്ലാത്ത ഒരു പുതിയ ട്യൂഷൻ ടീച്ചറെയും ഉണ്ടാക്കി അതിന്റെയും മറ്റും കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നേരം കളഞ്ഞു.!പെണ്ണ് പെണ്ണിന് ശത്രുവാകുമ്പോൾ അതിനു മൂർച്ചകൂടും എന്ന് നല്ലവണ്ണം അറിയുന്ന ടീച്ചർ അവരെല്ലാം മെല്ലെ പോയി കഴിഞ്ഞതിനു ശേഷം ശ്രീകലയുടെ അമ്മയോട് ചോദിച്ചു.
”ആട്ടെ മോള് രാത്രി എത്രമാണിവരെ പഠിക്കും”. ”ചിലപ്പോൾ പത്തുമണിക്ക് കിടക്കും ടീച്ചറേ.. കഴിഞ്ഞ ഒരു കൊല്ലം വരെ ഞങ്ങളുടെ ഇടയിൽ ആണ് അവള് കിടക്കാറ് ഒരു മോളല്ലേ ഉള്ളൂ..! ഈ ഇടെ ആയി അവൾക്കു എന്തൊക്കെയോ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് വേറെ ഒരു മുറീലാ കിടപ്പ് ചിലപ്പോൾ ഞാൻ ഇടക്കൊന്നു ഉണർന്നു നോക്കിയാൽ പുസ്തകവും തുറന്നു വെച്ച് ഇരിപ്പുണ്ടാവും”
ടീച്ചർക്കൊരുകാര്യം മനസ്സിലായി ശ്രീകലയുടെ മേലിൽ അമ്മയ്ക്കും കാര്യമായൊരു ശ്രദ്ധയും ഇല്ല ..മാത്രമല്ല അവർ അതിനു പ്രാപ്തരും അല്ല പോരാത്തതിന് ഒരേ ഒരുമോളും അരുമയായി വളർന്നവൾ.! ഇനി ഈ കുട്ടി വല്ല ചതികുഴിയിലും പെട്ടുകാണുമോ ദൈവമേ..!
”നിങ്ങൾ അവൾക്കു ഫോൺ വല്ലതും വാങ്ങികൊടുത്തിട്ടുണ്ടോ..?” .”ഇല്ല ടീച്ചർ അവൾ പലപ്രാവശ്യം ചോദിച്ചിരുന്നു പത്തിൽ മുഴുവൻ എ പ്ലസ് വാങ്ങിയാൽ വാങ്ങിക്കൊടുക്കാന്നവൾടെ അച്ഛൻ പറഞ്ഞിട്ടുണ്ട്” . അവളുടെകയ്യിൽ ഒരു വലിയ ഫോൺ എപ്പോഴോ കണ്ടതായി ഓർമ്മവന്നതും ടീച്ചർ ചോദിച്ചു .”ശരി എന്തായാലും ഞാൻ വിളിക്കാം നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ വല്ലതും ഉണ്ടോ.?”. അത് കേട്ടതും അവർ ഒരു ചമ്മിയ ചിരിയോടെ വിയർപ്പു പറ്റാതിരിക്കാൻ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞു അരയിൽ തിരുകിയിരുന്ന ഫോൺ എടുത്തു ടീച്ചർക്ക് നേരെ നീട്ടികൊണ്ടു പറഞ്ഞു. ”എനിക്കിതു കൊണ്ട് പെരുമാറാൻ ഒന്നും അറിയില്ല ടീച്ചറേ ആരെങ്കിലും വിളിച്ചാൽ എടുക്കും ടീച്ചറെന്നെ ഇതിൽനിന്നും നമ്പർ എടുത്തോളൂ”ടീച്ചർ വേദനയോടെ പല കാര്യങ്ങളും ഓർത്തു ചിന്തിച്ചുകൊണ്ട് അവരുടെ ഫോണിൽ നിന്നും തനിക്കൊന്നു റിഗ് അടിപ്പിച്ചുകൊണ്ട് അവരോടുപറഞ്ഞു. ”ഞാൻ രാത്രി വിളിക്കാം അപ്പോൾ ഫോൺ എടുത്തു ഞാൻ പറയുന്നതുപോലെ ചെയ്തൊണം” .അതിനു ശേഷം അവരോടു യാത്രപറഞ്ഞു വണ്ടി തിരിച്ചു.!
അന്ന് രാത്രി ടീച്ചർക്ക് ഉറക്കം വന്നതേ ഇല്ല കാരണം അവർ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലെ ഇഷ്ടപ്പെട്ടിരുന്നു.ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ടീച്ചറെ നോക്കി ഇടക്കെപ്പോഴോ ഉണർന്ന ഭർത്താവ് ചോദിച്ചു.”എന്തഡോ നാളെ സ്കൂളിൽ പോണ്ടേ ഉറക്കം വരുന്നില്ലേ സമയം രണ്ടുമണിയാവുന്നു.”. ”ഇല്ല.. ഞാൻ ചെറിയ ഒരു കൺഫ്യൂഷനിൽ ആണ് സ്കൂളിൽ ഫസ്റ്റ് ഗ്രേഡ് പ്രതീക്ഷ ഉള്ള ഒരു കുട്ടി മാനസികമായി എന്തോ ബുദ്ധിമുട്ടനുഭവിക്കുന്നു അവളുടെ പഠിത്തം മോശമാകുന്നു അച്ഛനും അമ്മയും പാവങ്ങളാ വിദ്യാഭ്യാസവും കമ്മി.!” . ”വല്ല പ്രേമപ്പനിയിലും പെട്ടുകാണും എങ്കിൽ എന്തുപറഞ്ഞാലും തലയിൽ കയറില്ല ചതിക്കുഴികൾ ഒരുക്കി കാത്തിരുന്നു വലയിലാക്കുന്ന ഒരു തരം മാനസിക രോഗികളായ ചെറുപ്പക്കാർ ഇപ്പോൾ നാടുമുഴുവൻ കാട്ടിക്കൂട്ടുന്നത് കാണുന്നില്ലേ”. ”ശരിയാണ് പക്ഷെ ഇതുപോലുള്ള ഒന്നും അങ്ങിനെ ഒഴിവാക്കാൻ പറ്റില്ല..എങ്ങിനെ ശരിയാക്കണം എന്ന ഒരു ഐഡിയ കിട്ടുന്നില്ല”
”നമ്മൾ രണ്ടുപേരും വിദ്യാഭ്യാസം ഉള്ളവരാണ് എങ്കിൽ പോലും നമ്മളുടെ മക്കളുടെ കാര്യങ്ങൾ കൂടി ശരിയായി നോക്കാൻ കഴിഞ്ഞു എന്ന് വരില്ല ഇന്റർ നെറ്റും മൊബൈലും കമ്പ്യൂട്ടറും ആയി ലോകം..! അത്രമാത്രമായി മുന്നോട്ടു കുതിക്കുന്നകുട്ടികൾക്കൊപ്പം നമ്മളെ പോലെ ഉള്ളവർക്ക് എത്താൻ കഴിയില്ല എങ്കിൽ ആ പാവങ്ങളുടെ കാര്യം എങ്ങിനെയാവും എന്നൊന്ന് ആലോചിച്ചു നോക്ക്.!”. ടീച്ചർ വേഗം എഴുനേറ്റുകൊണ്ടു പറഞ്ഞു . ”ശരിയാ.. ഞാൻ എന്തയാലും നമ്മുടെ മക്കൾ എന്ത് ചെയ്യുന്നു എന്ന് ഒന്ന് നോക്കട്ടെ” രണ്ടുമക്കളുടെയും മുറി അകത്തു നിന്നും കുറ്റിയിടരുത് എന്നുള്ള ഉഗ്രശാസനം ഉള്ളതുകൊണ്ട് അവരാരും അത് ചെയ്യാറില്ല എന്ന് ടീച്ചർക്കറിയാമായിരുന്നു. അവർ മെല്ലെ എഴുനേറ്റു വന്ന് മകൻ ഉറങ്ങുന്ന മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കാതെ തള്ളിത്തുറന്നുകൊണ്ട് എത്തിനോക്കി.! അവൻ എ.സി ഫുൾ കൂളിംഗിൽ വച്ച് ബ്ലാങ്കറ്റ് കൊണ്ട് മൂടി പുതച്ചു കിടക്കുന്നു..! ശേഷം മകളുടെ റൂമിൽ വന്നു റൂമിലെ എയർ കണ്ടീഷണർ ഓൺ ആണ് മാത്രമല്ല അവൾ തലയിലൂടെ പുതപ്പുകൊണ്ട് മൂടി മുട്ടുയർത്തി വച്ച് മലർന്നു കിടക്കുന്നു. സമാധാനത്തോടെ മെല്ലെ വാതിൽ ചാരൻ നേരമാണ് ടീച്ചർ അവളുടെ മാറിന്റെ ഭാഗത്തായി ഒരു വെളിച്ചം ശ്രദ്ധിച്ചത് ആ വെളിച്ചം പുതപ്പിനു പുറത്തേക്കു കാണുന്നു മാത്രമല്ല അതിൽ എന്തൊക്കെയോ ചിത്രങ്ങൾ ചലിക്കുന്നപോലെ.! അവർ മെല്ലെ വന്ന് തന്റെയും ഭർത്താവിന്റെയും ഫോണുകൾ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി ഉറപ്പിച്ചതിനു ശേഷം മെല്ലെ ഭർത്താവിനോട് പറഞ്ഞു.
”മോളുറങ്ങിയിട്ടില്ല അവളുടെ കയ്യിൽ ഒരു വലിയ മൊബൈൽ ഉള്ളപോലെ ഒരു സംശയം..! കോളേജിൽ ഉപയോഗിക്കാൻ പാടില്ല എന്നുള്ളത് ഉറപ്പാണ് നമ്മൾ അവൾക്കു കൊടുത്തിട്ടുള്ളത് സംസാരിക്കാൻ മാത്രം കഴിയുന്ന പഴയകാല ഫോണും.! പിന്നെ ഇതെങ്ങിനെ വന്നു.? നമ്മളുടെ രണ്ടുപേരുടെയും ഫോൺ യഥാസ്ഥാനത്തുതന്നെ ഉണ്ട് താനും.!” വീണ്ടും അങ്ങോട്ട് പോകാൻ നിന്ന ടീച്ചറുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു അദ്ദേഹം അത് വിലക്കി കൊണ്ട് പറഞ്ഞു. ”താൻ പറഞ്ഞ കുട്ടിയുടെ വീട്ടിലെ നമ്പർ ഉണ്ടോ.? എങ്കിൽ ഈ നേരത്തൊന്നുവിളിക്കാമോ കൗമാരങ്ങൾക്ക് എന്ത് പറ്റുന്നു എന്ന് നമ്മൾക്കിപ്പോൾ തന്നെ മനസ്സിലാക്കാം”
സേവ് ചെയ്ത നമ്പറിൽ ടീച്ചർ ഒരുനിമിഷം സംശയിച്ചു നിന്നുകൊണ്ടൊന്നു വിളിച്ചു കുറച്ചു നേരം അടിച്ചതിനു ശേഷമാണ് അവിടെ ഫോൺ എടുത്തത്. ”ആരാ ഈ രാത്രീല് എന്താ.?” ”ശ്രീകലടെ അമ്മേ.. ഇത് ഞാനാ ജാനകി ടീച്ചർ മോളുറങ്ങിയോ എന്നൊന്ന് നോക്കാമോ ഉറങ്ങിയിട്ട് ഉണ്ടെങ്കിൽ എങ്കിൽ വിളിക്കണ്ട.”. ”നോക്കട്ടെ ടീച്ചർ അവളുടെ മുറിയിൽ വിളക്കു കത്തുന്നുണ്ട് ആ ടീച്ചർ ഉറങ്ങിയിട്ടില്ല.. അവളിപ്പോൾ എന്ത് ചെയ്യുകയാ ഫോൺ ഒന്ന് കൊടുത്തേ..?”
”ദാ ഇപ്പോൾ കൊടുക്കാം”
”ശ്രീകലേ എന്താണ് കുട്ടി…ഇത് വരെ ഉറങ്ങിയില്ലേ.?”
കുറച്ചു വൈകിയാണ് ഉത്തരം കിട്ടിയത് അത് രണ്ടു വട്ടം ചോദ്യം അവർത്തിച്ചതിനു ശേഷം മാത്രം ”
”ഇല്ല ടീച്ചർ നെറ്റിൽ നോക്കി കുറച്ചു നോട്ട് എഴുതി കൊണ്ടിരിക്കുകയാ”
”ഞാനറിയാത്ത എന്ത് നോട്ട് അതിനു നിനക്ക് അവർ ഇന്റര്നെറ് സൗകാര്യമുള്ള ഫോൺ വാങ്ങി തന്നിട്ടുണ്ടോ..?”
അവളിൽ നിന്നും ഒരുമറുപടിയും വരാതായപ്പോൾ ടീച്ചർ ഉടൻ പറഞ്ഞു
”ഏതെങ്കിലും ചാറ്റ് റൂമിൽ നോക്കിയാവും എഴുതുന്നത് അല്ലേ .? ആട്ടെ ഇതുവരെ നിനക്ക് സ്വന്തമായുള്ളതു വല്ലതും കാണിച്ചു കൊടുത്തുവോ ?”. അങ്ങേത്തലക്കൽ നിന്നും ഒരുപൊട്ടിക്കരച്ചിലായിരുന്നു അതിനു കിട്ടിയ ആദ്യത്തെ മറുപടി. ”ഇപ്പോൾ അവൻ പറയുന്നു അവൻ പറയുന്ന ദിവസം നേരിട്ട് കണ്ടില്ല എങ്കിൽ സ്ക്രീൻ റെക്കോഡിംഗ് നെറ്റിൽ ഇടും എന്ന്..! വല്ലാതെ ഭീഷണി പെടുത്തുന്നു ടീച്ചർ..ഞാൻ..ഞാൻ മരിക്കും ഉറപ്പാ..!” . ”അയ്യോ മോളെ അവിവേകം ഒന്നും കാണിക്കരുത് അതെല്ലാം ഞാൻ ശരിയാക്കാം ആട്ടെ എവിടെ ഉള്ള ആളാ.? ”. ”അറിയില്ല നാളെ രാത്രി വിളിക്കുമ്പോൾ ചെല്ലേണ്ട സ്ഥലം പറയാം എന്നാണ് പറഞ്ഞത്”
”ശരി നാളെ അവനോട് എവിടെ വച്ച് കാണണം എന്ന് ചോദിക്കൂട്ടാ നമുക്ക് അവനെ വിളിച്ചുവരുത്തി പൂട്ടാം.. ഇന്നത്തെ കാലത്തു കേരളാപോലീസിൽ ഇതുപോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഒരു വലിയ ടീമുതന്നെ ഉണ്ട് നമുക്ക് അവരെ അറിയിച്ചുകൊണ്ട് അവന്റെ കയ്യിൽ നിന്നും അതെല്ലാം കളയിപ്പിക്കാം അവൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എങ്കിൽ അതുകൂടി അവർ കണ്ടുപിടിക്കും എന്തിനും മോൾടെ കൂടെ ടീച്ചർ ഉണ്ട് ഒന്നും സംഭവിക്കില്ല എന്നെ വിശ്വാസം ഇല്ലേ ?”
”ഉവ്വ് വിശ്വാസാ ”
”എങ്കിൽ കരച്ചിൽ നിർത്തൂ എന്നിട്ടു നല്ല കുട്ടിയായി കിടന്നുറങ്ങു രാവിലെ ട്യൂഷൻ വേണ്ട ഇങ്ങോട്ടു വരൂ..ആ ഫോണും കൊണ്ടുവരൂ ഒരു കാര്യം അതിൽ നിന്നും മോള് ഒന്നും ഡിലീറ്റ് ചെയ്യരുത് മറ്റൊന്നിനും അല്ല അത് തെളിവുകളായി നമ്മൾക്ക് വേണം ഞാൻ മോൾടെ അമ്മയെപ്പോലെ തന്നെ അല്ലെ.?”
”ശരി ടീച്ചർ വരാം എനിക്ക് ഇപ്പഴാ ഒന്ന് സമാധാനം ആയത് ”
”ഓരോ അബന്ധത്തിൽ പെടുന്നവർ ഒന്നും മറ്റുള്ളവരോട് തുറന്നു പറയാനോ ഉപദേശം സ്വീകരിക്കാനോ തയാറാവാത്തതുകൊണ്ടാ മോളെ വീണ്ടും വീണ്ടും വലിയ ചതിക്കുഴിയിൽ ചെന്ന് പെടുന്നത് മോളിപ്പോൾ എന്നോടിത് പറയാതിരുന്നു എങ്കിൽ നാളെ മോള് പോകുമായിരിക്കുംഅല്ലെ..?” ”കണ്ടില്ല എങ്കിൽ നെറ്റിൽ ഇട്ടു നാണം കെടുത്തും എന്ന് പറഞ്ഞു ടീച്ചർ ..എനിക്ക് ആകെ പേടിയാവുന്നു!”. ”മണ്ടി..! അവൻ ചോദിച്ചത് എന്തും കൊടുക്കുമായിരിക്കും അല്ലേ..? നീ അറിയാതെ അവൻ അതുകൂടി എടുത്തുകൊണ്ട് നിന്നെ പലർക്കും കാഴ്ചവസ്തുവാക്കി മാറ്റുമായിരുന്നു.! അതൊക്കെ ഒന്ന് ചിന്തിച്ചുനോക്കിയേ..! ബാക്കി രാവിലെ പറയാം സമാധാനമായിട്ടുറങ്ങൂ..ഞാനില്ലേ കൂടെ..?”. ”ശരി ടീച്ചർ ഞാൻ രാവിലെ വരാം”
”എന്നാൽ ഇപ്പോൾ തന്നെ ബാറ്ററി ചാർജ് പോയി നാളെ പകൽ മെസ്സേജ് ഇടാം എന്ന് പറഞ്ഞുകൊണ്ടവനെ പിണക്കാതെ അതിലെ ഇന്റര്നെറ് കട്ട് ചെയ്യൂ എന്നിട്ടു മോൾ ഞാൻ പറയുമ്പോഴേ അത് ഓണാക്കാവൂ..”
”ആ ടീച്ചർ.ചെയ്തു”
”അമ്മയെവിടെ”
”ഫോൺ തന്നിട്ട് ഉറങ്ങാൻ പോയി”
”എന്നാൽ ഇനി മോളും ഉറങ്ങൂ..രാവിലെ കാണാം!”
ഫോൺ കട്ടാക്കി ടീച്ചർ നെഞ്ചിൽ കൈവെച്ചുകൊണ്ട് ഭർത്താവിനോട് പറഞ്ഞു.! ”ഇപ്പഴാ ഒന്ന് സമാധാനമായത് അല്ലെങ്കിൽ ആ കുട്ടി വല്ല കടും കയ്യും ചെയ്തേനെ.!”
”മനസ്സിലായി എന്തായാലും നാളെ അത് ആരാണ് ഏന്നു കണ്ടുപിടിച്ചവനെ അകത്താക്കിപ്പിക്കാൻ ഉള്ള വഴിനോക്ക്.! പാവങ്ങൾ പ്രായത്തിന്റെ പരിമിതിയിൽ നിന്നും അറിയാതെ വ്യതിചലിക്കുന്നവർ.. അല്ല ഇത്രയും പേടിക്കാൻ മാത്രം ആ കുട്ടി എന്താ ചെയ്തത് ? ” ”അവൾ ഒരു ചാറ്റിങ്ങിൽ പെട്ട് കുറെ ഫോട്ടോയോ വീഡിയോ ഒക്കെ അയച്ചുകൊടുത്തു എന്ന്..! അവൻ ഇപ്പോൾ വിലപേശാൻ നടക്കുകയാ നാളെ അവനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം ലോകവിവരം ഇല്ലാത്ത മാതാപിതാക്കളുടെ കുട്ടികൾ ആണ് ഇങ്ങനെ ഉള്ള സംഗതികളിൽ വേഗം ചെന്ന് പെടുന്നത്..!”
”ലോകവിവരം ഉണ്ട് എന്ന് കരുതുന്ന നമ്മുടെ മോൾടെ കയ്യിലും ഒരു ഫോൺ കണ്ടു എന്നല്ലേ നീ പറഞ്ഞത് ഒന്ന് പോയി നോക്ക് എന്താ സംഭവം എന്ന് വിവരവും വിദ്യാഭ്യാസവും ഒന്നിനും ഒരു മാനദണ്ഡംഅല്ല പക്ക്വത എന്നതാണ് പ്രധാനം പരിഹാരമായി ഒറ്റ വഴിയേ ഉള്ളൂ പക്ക്വത ആവും വരെ ഈ വക സാധനങ്ങൾ കുട്ടികൾക്ക് വാങ്ങി കൊടുക്കാതിരിക്കുക അഥവാ ഉപയോഗിക്കാൻ അത്യാവശ്യമായി വരുകയാണ് എങ്കിൽ നമ്മളുടേതു കൊടുക്കുക താൻ പോയി നമ്മളുടെ മകൾ എന്ത് ചെയ്യുന്നു എന്നൊന്ന് നോക്കിയേ”
”നിങ്ങളുടെ മകളല്ലേ ഒന്ന് പോയി നോക്കിക്കൂടെ വല്ലാത്തൊരു മനുഷ്യനാ ”
”ഞാനൊരു അച്ഛനല്ലേടോ.! അച്ഛന് ചിലയിടങ്ങളിൽ ചില പരിമിതികൾ ഉണ്ട് പക്ഷെ അമ്മക്ക് മക്കളുടെ മേൽ അച്ഛനേക്കാൾ സ്വാതന്ത്ര്യമുണ്ട് താൻ പോയി നോക്ക് അതുപോലെ വല്ല ഏടാകൂടത്തിലും ആണെങ്കിലോ.?”
അതുകേട്ടതും ടീച്ചർ മെല്ലെ എഴുനേറ്റ് മകളുടെ മുറിയിലേക്ക് പോയി പുതപ്പിനടിയിൽ കണ്ട വെളിച്ചത്തിൽ കടന്നു പിടിച്ചുകൊണ്ടുപുതപ്പു മാറ്റിയതും പൂർണ്ണ നഗ്നായായി കിടന്നുകൊണ്ട് ആരോടോ ചാറ്റ് ചെയ്യുന്ന മകളുടെ രൂപത്തിലേക്ക് അവർ ആ പുതപ്പു വലിച്ചിട്ടുകൊണ്ടു നിലവിളിയോടെ ആ ഫോണോടുകൂടി പുറത്തേക്കോടി ..! അപ്പോഴും അവർ അറിയാതെ അവരുടെ മകളുടെ കയ്യിൽ എത്തിയ ആ ഫോണിൽ ഒരു ചെറുപ്പക്കാരന്റെ- ”ഹെലോ ..ഹെലോ..” എന്നുള്ള വിളിയും.. ”വാട്ട് ഹാപ്പൺഡ് വിത്ത് യു..! ജെസ്റ് വൺ മോർ ടൈം’.പ്ലീസ് മോളെ ഇന്ന് ഞാൻ ശരിക്കും കണ്ടില്ലഡാ എന്റെ പൊന്നല്ലെ..? ഞാൻ ആർക്കും കാണിച്ചുകൊടുക്കില്ല ഉറപ്പ്..! എന്നുള്ള എന്നുള്ള വാക്കുകളും പ്രലോഭനങ്ങളും ആവർത്തിക്കുന്നുണ്ടായിരുന്നു..!