17 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കാമുകനു വേണ്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് തല്ലുകൂടിയത് യാത്രക്കാരെ ഞെട്ടിച്ചു.മഹാരാഷ്ട്രയിലെ പൈത്താന്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടി അതിരുവിട്ടതോടെ കാമുകന്‍ തന്ത്രപരമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പെണ്‍കുട്ടികളിലൊരാള്‍ യുവാവുമൊത്ത് ആദ്യം ബസ് സ്റ്റാന്‍ഡിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ബസ് സ്റ്റാന്‍ഡിലുണ്ടെന്ന് അറിഞ്ഞ മറ്റേ പെണ്‍കുട്ടി സ്ഥലത്തെത്തിയതോടെ വാക്കുതര്‍ക്കമായി.
വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് ആണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. അടിപിടിക്കൊടുവില്‍ പൊലീസുകാരെത്തി രണ്ട് പെണ്‍കുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൗണ്‍സിലിംഗ് ഉള്‍പ്പടെ നല്‍കിയതിന് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തിരികെ വിട്ടയച്ചത്.