കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കില്‍ 13 വീടുകള്‍ക്കും വടകര താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയില്‍ കേടുപാട് സംഭവിച്ചത്.

കണ്ണൂ‍രില്‍ കനത്തമഴ: പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

കണ്ണൂ‍ര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ കൊട്ടിയൂര്‍ മാനന്തവാടി റോഡില്‍ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാല്‍ച്ചുരം ചെകുത്താന്‍ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളില്‍ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്. കണ്ണൂരിന്‍്റെ മലയോര മേഖലയില്‍ ഇടവിട്ടിടവിട്ട് കനത്ത മഴ തുടരുകയാണ്.

തലശ്ശേരിയില്‍ പഴയ കിണര്‍ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറില്‍ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയില്‍ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂല്‍ മൂഴിക്കരയിലെ മങ്ങാടന്‍ പ്രകാശനാണ് (50) ജോലിക്കിടയില്‍ അപകടത്തില്‍ പെട്ടത്.

ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കട്ടപ്പന: ഇടവിട്ട് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. ജില്ലയില്‍ പതിനൊന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വണ്ടന്മേട്ടില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷക്കു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു. ഓട്ടോ റകിഷ ഭാഗികമായി തകര്‍ന്നെങ്കിലും ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *