തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്‌കോര്‍ട്ടിനായും വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു.മുഖ്യമന്ത്രിക്ക് കിയയും എസ്‌കോര്‍ട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.
2022 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.
നിലവില്‍ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്. ഈ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ച സമയത്ത് മറ്റൊരു കാര്‍ കൂടി വാങ്ങുന്നതിന് അനുമതിയായിരുന്നു. എന്നാല്‍ അതിനു സുരക്ഷ കുറവാണെന്നു ഡിജിപി ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മറ്റൊരു കമ്ബനിയുടെ കാര്‍ വാങ്ങുന്നത്. ഇനി മുതല്‍ ഈ കാറിലാകും മുഖ്യമന്ത്രിയുടെ യാത്ര. വടക്കന്‍ ജില്ലകളിലെ യാത്രകളില്‍ പഴയ വാഹനങ്ങള്‍ ഉപയോഗിക്കും.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.