ഇന്ന് ജൂണ്‍ 19 ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുന്ന ദിനം. ലോകമെമ്ബാടുമുള്ള അച്ഛന്മാര്‍ക്ക് അവരുടെ സ്നേഹത്തിനും കരുതലിനും നന്ദിയും സ്നേഹവും അറിയിക്കാന്‍ മക്കള്‍ ഈ ദിനം വിനിയോഗിക്കുന്നു.എന്നാല്‍ പലര്‍ക്കും ഇപ്പോഴും ഫാദേഴ്സ് ഡേയ്ക്ക് പിന്നിലെ ചരിത്രം അറിയില്ല.
ഫാദേഴ്സ് ഡേ ചരിത്രമന്വേഷിച്ച് പോയാല്‍ ഫാദേഴ്സ് ഡേയ്ക്കും ഒരമ്മയുണ്ടെന്ന് നമുക്ക് മനസിലാകും. തന്‍റെ അച്ഛനെ ആദരിക്കാന്‍ ഒരു നഗരത്തോട് തന്നെ ആവശ്യപ്പെട്ട, തന്‍റെ അച്ഛനെ പോലെ എല്ലാ അച്ഛന്മാരും ഒരു ദിവസം വാഴ്ത്തപ്പെടണമെന്നാഗ്രഹിച്ച ഒരു സ്ത്രീ.
യുഎസിലെ വാഷിംഗ്ടണ്‍ സ്വദേശിയായ സൊനോര സ്മാര്‍ട് ഡോഡ് ആണിത്. 1882ലാണ് ഇവരുടെ ജനനം. തന്‍റെ പതിനാറാം വയസില്‍ സൊനോരയ്ക്ക് അമ്മയെ നഷ്ടപ്പെട്ടു. ആറാമത്തെ പ്രസവത്തെ തുടര്‍ന്നാണ് ഇവരുടെ അമ്മ എലന്‍ വിക്ടോറിയ ചീക് സ്മാര്‍ട്ട് മരിച്ചത്. ഇതിന് ശേഷം ആറ് മക്കളെയും നോക്കി വളര്‍ത്തിയത് അച്ഛനായ വില്യം ജാക്സണ്‍ സ്മാര്‍ട്ട് ആയിരുന്നു.
ഏവരാലും ബഹുമാനിക്കപ്പെടുന്നൊരു സൈനികനായിരുന്നു വില്യം ജാക്സണ്‍ സ്മാര്‍ട്ട്. തന്‍റെ ആറ് മക്കളെയും അദ്ദേഹം നല്ലരീതിയില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നു. ഈ വിധത്തില്‍ മക്കളെ നല്ലതുപോലെ നോക്കിയ അച്ഛനെ പിറന്നാള്‍ ദിനത്തില്‍ ആദരിക്കണമെന്നത് സൊനോരയുടെ തീരുമാനമായിരുന്നു. എന്ന് മാത്രമല്ല, മറ്റ് അച്ഛന്മാരും ഇത്തരത്തില്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്ന് ഇവര്‍ വിശ്വസിച്ചു.
തുടര്‍ന്ന് തങ്ങള്‍ താമസിക്കുന്ന നഗരത്തിന്‍റെ അധികാരികളെ ഇവര്‍ ബന്ധപ്പെട്ടു. തന്‍റെ അച്ഛന്‍റെ പിറന്നാള്‍ ദിനം അച്ഛന്മാരുടെ ദിനമായി മാറ്റണമെന്ന് ഇവരാവശ്യപ്പെട്ടു. അങ്ങനെ ജൂണിലെ മൂന്നാമത് ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി അധികൃതര്‍ അംഗീകരിച്ചു. 1910ല്‍ തന്നെ സോനോരുടെ നേതൃത്വത്തില്‍ ഫാദേഴ്സ് ഡേ കെങ്കേമമായി ആഘോഷിക്കപ്പെട്ടിരുന്നു.
തുടക്കകാലങ്ങളില്‍ ഫാദേഴ്സ് ഡേ അത്ര കാര്യമായി ആഘോഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് കാലം ചെല്ലുംതോറും ഈ ദിനത്തിന്‍റെ തിളക്കം കൂടി വന്നു. 96ാം വയസില്‍ മരിക്കും മുമ്ബ് സൊനോരയെ ജന്മദേശം ആദരിച്ചു. ഇന്നും ഫാദേഴ്സ് ഡേയെ കുറിച്ച് പറയുമ്ബോള്‍ അതിന്‍റെ മാതാവായ സൊനോരയെ കുറിച്ച് പ്രതിപാദിക്കാതിരിക്കാന്‍ സാധിക്കില്ല. ലോകമെമ്ബാടുമുള്ള എല്ലാ അച്ഛന്മാര്‍ക്കും ഈ ദിവസം നല്ലതായിരിക്കട്ടെ എന്നുകൂടി ആശംസിക്കുന്നു. ‘ഹാപ്പി ഫാദേഴ്സ് ഡേ’…