NADAMMELPOYIL NEWS
JUNE 19/2022
മുക്കം;പുതിയ കെട്ടിടം നിർമിക്കാനായി മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് രാഹുൽ ഗാന്ധി എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്നും തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യവുമായി മുക്കം നഗരസഭ. 40 ലക്ഷം രൂപ ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതികബുദ്ധിമുട്ടുണ്ടെന്ന് ഇവർ അറിയിച്ചു.
ഈ മാസം ആറിനു ചേര്‍ന്ന നഗരസഭാ ഭരണ സമിതിയാണ് 40 ലക്ഷം രൂപ റദ്ദാക്കാന്‍ തീരുമാനിച്ചത്. ആവശ്യം ഉന്നയിച്ചുകൊണ്ട് കളക്ടർക്കും ജില്ലാ പ്ലാനിങ് ഓഫീസർക്കും മുക്കം നഗരസഭാ സെക്രട്ടറി കത്തയച്ചു.
സി.എച്ച്.സി.യുടെ മാസ്റ്റർപ്ലാൻ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാൽ അനുവദിച്ച തുക ഈ വർഷം ചെലവഴിക്കാൻ സാധിക്കില്ലെന്ന് കത്തിൽ പറയുന്നു. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടർ രാഹുൽഗാന്ധി എം.പി.ക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, നഗരസഭയുടെ നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നഗരസഭ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നതടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിക്കുന്ന വേളയിലാണ് അനുവദിച്ച തുക നഗരസഭ വേണ്ടെന്ന് വയ്ക്കുന്നത്.
രാഹുൽ ഗാന്ധി എം.പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസനഫണ്ടിൽനിന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള 40 ലക്ഷം രൂപ അനുവദിച്ചത്. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപത്തുള്ള സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
കിഫ്ബിയിൽനിന്ന് മൂന്നുകോടിയോളം രൂപ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് കെട്ടിടം പണിയാനായി അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് രാഹുൽഗാന്ധി അനുവദിച്ച പണം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ പറയുന്നത്. നഗരസഭയുടെ നടപടിയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.