NADAMMELPOYIL NEWS
JUNE 04/2022

തിരുവനന്തപുരം: ജൂൺ ഏഴ് മുതൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഗങ്ങളിൽ കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും ജൂൺ 4,5,7,8 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യോല്ലോ അലർട്ടുള്ളത്. ജൂൺ ഏഴിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ എട്ടിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
NADAMMELPOYIL NEWS
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് ഇന്നും (04-06-2022), 07-06-2022, 08-06-2022 എന്നീ തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 4, 7, 8 ദിവസങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

04-06-2022 മുതൽ 05-06-2022 വരെ: തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

07-06-2022 മുതൽ 08-06-2022 വരെ: മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനം പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *