മൂലക്കുരുവിനുള്ള ഒറ്റമൂലിക്കായി വൈദ്യന്‍ ഷാബ ഷെറീഫിനെ കൊന്ന് തള്ളിയ ചാലിയാറില്‍ മൃതദ്ദേഹാവശിഷ്ടങ്ങള്‍ക്കായി പരിശോധന.കനത്ത മഴയ്ക്കിടയിലും ഇന്ന് രാവിലെ മുതല്‍ പരിശോധന നടക്കുകയാണ്. ചാലിയാറില്‍ നടത്തിയ പരിശോധനയ്ക്കിടെ ചില ചാക്കിന്‍റെ കഷ്ണങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇത് മൃതദേഹവുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ചതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. മൃതദേഹാവശിഷ്ടം വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിന്‍റെ താഴെ ഭാഗത്ത് കരിങ്കല്ലുകള്‍ അടുക്കിയിട്ടുണ്ട്. അതിനാല്‍ ഈ കരിങ്കല്ലുകള്‍ക്കിടയില്‍ മൃതദേഹാവശിഷ്ടമോ, മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക്കോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. നേവിയോടൊപ്പം ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ സംഘവും തെരച്ചിലിനായെത്തിയിട്ടുണ്ട്.
ഫയര്‍ഫോഴ്സും നേവിയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്നും അന്വേഷണത്തില്‍ പരിമിതികളുണ്ട്. എങ്കിലും പ്രതീക്ഷയോടൊയാണ് പരിശോധ നടക്കുന്നതെന്നും തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ തുടരുന്ന മഴയും ശക്തമായ ഒഴുക്കും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. വേണ്ടിവന്നാല്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിവിലുള്ള അഞ്ച് പ്രതികളെ കുറിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങളില്ലെങ്കിലും കൊലപാതകവുമായി സഹകരിച്ച ചിലരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ ഇവര്‍ക്ക് പുറകെയുണ്ടെന്നും എസ് സുജിത്ത് ദാസ് ഐപിഎസ് പറഞ്ഞു. അധികം താമസിക്കാതെ അവരുടെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഒറ്റമൂലി വൈദ്യന്‍ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലതായി വെട്ടിമുറിച്ച് ഒന്നരവര്‍ഷം മുമ്ബാണ് ചാലിയാറില്‍ തള്ളിയത്. അതുകൊണ്ട് തന്നെ തെളിവ് ലഭിക്കുകയെന്നാല്‍ ഏറെ ശ്രമകരമാണ്.
നിലവില്‍ മഴ ശക്തമാകുന്നതും ഒഴുക്ക് വര്‍ദ്ധിക്കുന്നതും പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. കൊലയുമായി ബന്ധപ്പെട്ട പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കൊച്ചിയില്‍ നിന്നും നേവിയുടെ അഞ്ച് മുങ്ങല്‍ വിദഗ്ദരാണ് ചാലിയാറിലെ തെരച്ചിലിനായെത്തിയത്. ഇവരോടൊപ്പം ഫയര്‍ഫോഴ്സിന്‍റെ യൂണിറ്റും സന്നദ്ധസംഘടനയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള സീതി ഹാജി പാലത്തിന്‍റെ മദ്ധ്യഭാഗത്തുള്ള തൂണിന് സമീപത്ത് നിന്നാണ് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയതെന്ന് ഇന്നലത്തെ തെളിവെടുപ്പിനിടെയാണ് ഷൈബിന്‍ അഷറഫ് പൊലീസിന് ചൂണ്ടിക്കാണിച്ചത്. ഇന്നലെ നാല് മണിക്കൂറോളം ഫയര്‍ഫോഴ്സും പൊലീസും ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
2020 ഓക്ടോബര്‍ മാസത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ചെറിയ പ്ലാസ്റ്റിക്ക് കവറിലാക്കി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതെന്നാണ് ഷൈബിന്‍റെ വെളിപ്പെടുത്തല്‍. ഇതിന് ശേഷം ഒരു മഴക്കാലം തന്നെ കടന്ന് പോയി.
അതുകൊണ്ട് തന്നെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമാണ്. എന്നാല്‍, പാലത്ത് സമീപം വിരിച്ചിരിക്കുന്ന കരിങ്കല്‍ക്കെട്ടുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
പ്രതിയായ ഷൈബിന്‍ അഷറഫിന്‍റെ വീട്ടില്‍ ഒറ്റമൂലി വൈദ്യനെ പാര്‍പ്പിച്ച മുക്കട്ടയിലെ ഇരുനില വീട്ടിലെ ശൗചാല്യത്തിലെ മലിനജലമൊഴുക്കി കളയുന്ന പൈപ്പില്‍ നിന്ന് ലഭിച്ച രക്തകറയും ഷൈബിന്‍ അഷറഫിന്‍റെ ആഢംബര കാറില്‍ നിന്നും ലഭിച്ച മുടിയുമാണ് പൊലീസിന് ഈ കേസുമായി ലഭിച്ച ശാസ്ത്രീയ തെളിവുകള്‍. എന്നാല്‍, മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അത് കേസിലെ നിര്‍ണ്ണായകമായ തെളിവാകും.
ഇതിനിടെ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിന്‍റെ ബിസിനസ്സ് പങ്കാളി, കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്‍റെ ദുരൂഹ മരണത്തില്‍ പ്രത്യേക കേസെടുക്കണമോയെന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ഹാരിസിനെ ഷൈബിന്‍ ആണ് കൊന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ മെഡിക്കല്‍ കോളേജ് എസി പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി എടുത്തു. ഷൈബിനെതിരെയുള്ള മൊഴികളും നാട്ടുവൈദ്യന്‍ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലെ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഹാരിസിന്‍റെ ദുരൂഹമരണം അന്വേഷിക്കാനുള്ള തീരുമാനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക. 2020 ല്‍ അബുദാബിയിലെ ഫ്ലാറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്.
കൂടത്തായി കേസിന് സമാനമായ രീതീയില്‍ ഷൈബിന്‍ അഷ്റഫ് കൊലപാതക പരമ്ബര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അന്വേഷണമത്രയും ഇപ്പോഴും ചുറ്റിത്തിരിയുന്നത് മൈസൂര്‍ സ്വദേശിയായ പാരമ്ബര്യ വൈദ്യന്‍റ കൊലപാതകത്തില്‍ തന്നെയാണ്.
ഷൈബിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്‍റെ മാനേജര്‍ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിന് പിന്നിലും ഷൈബിന്‍ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്.
ഹാരിസിനെയും യുവതിയെയും ഷൈബിന്‍റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പിടിയിലുളള നൗഷാദ് അടക്കമുളള പ്രതികള്‍ വെളിപ്പെടുത്തുകയും തെളിവുകള്‍ പുറത്തുവരികയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല.
വിവിധ ജില്ലകളിലും കര്‍ണാടക, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലുമായ നടന്ന കുറ്റകൃത്യങ്ങളായതിനാല്‍ മലപ്പുറം പൊലീസിന് മാത്രമായി അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ‘
തന്നെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് ഹാരിസ് കൃത്യമായ വിവരം പൊലീസിന് നല്‍കുകയും പൊലീസ് ഈ സംഘത്തെ പിടകൂടുകയും ചെയ്തിട്ടും പിന്നീട് കാര്യമായ അന്വേഷണം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്‍റെ കുടുംബം പറയുന്നു.
ഇതിനിടെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഹാരിസ് നല്‍കിയ പരാതിയുടെ തെളിവുകളും ഇവര്‍ പുറത്ത് വിട്ടു. ഒടുവില്‍ സ്വയരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ബത്തേരി സ്റ്റേഷനിലെ മുന്‍ എസ്‌ഐ സുന്ദരന്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥരും ഷൈബിന്‍റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങള്‍ നടത്താന്‍ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്ന വിവരങ്ങള്‍കൂടി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. ‘
ഷാബ ഷെറീഫിനെ തടവില്‍ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഷൈബിന്‍ അഷറഫിന്‍റെ ഭാര്യ ഫസ്‌നയുംവീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്.
എഎസ്‌ഐ ആയിരുന്ന സുന്ദരന്‍ പല കാര്യങ്ങളിലും തനിക്ക് നിയമസഹായം നല്‍കിയിരുന്നതായി ഷൈബിന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 25-ലേക്ക് മാറ്റി.